മലപ്പുറം: തോന്നിയപോലെ കോഴിവില വർദ്ധിപ്പിക്കുന്ന തമിഴ്നാട് ലോബിക്ക് മൂക്കുകയറിടാനായി സർക്കാർ സഹായത്തോടെ പ്രഖ്യാപിച്ച കേരള ചിക്കൻ പദ്ധതി പ്രതിസന്ധിയിൽ. കോഴിയെ വളർത്താനുള്ള നോക്കുകൂലി കർഷകർക്ക് മാസങ്ങളായി മുടങ്ങിയിട്ടുണ്ട്. കൃത്യസമയത്ത് കുഞ്ഞുങ്ങളോ തീറ്റയോ ലഭിക്കുന്നില്ല. ഉത്പാദനച്ചെലവ് കൂടുകയും വിപണിയിൽ കോഴിവില കുറയുകയും ചെയ്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും സർക്കാർ സഹായം ലഭിക്കുന്നില്ലെന്നുമാണ് പദ്ധതിയുടെ നോഡൽ ഏജൻസിയായ ബ്രഹ്മഗിരിയുടെ വാദം.
കോഴി ജീവനോടെ കിലോയ്ക്ക് 96 - 106 രൂപയ്ക്കും ഇറച്ചി കിലോയ്ക്ക് 155 - 170 രൂപയ്ക്കും വിപണിയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ ഡിസംബറിലാണ് മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിക്ക് തുടക്കമിട്ടത്. ജില്ലയിൽ ഏഴ് ഔട്ട്ലെറ്റുകളും 80 ഫാമുകളുമുണ്ട്. ചട്ടിപ്പറമ്പ്, കരിങ്കല്ലത്താണി, മക്കരപ്പറമ്പ്, ആനമങ്ങാട്, കരുവാരക്കുണ്ട്,, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകൾ
കുഞ്ഞ്, തീറ്റ എന്നിവയ്ക്കായി ഒരുതവണ മുതൽമുടക്കാൻ തയ്യാറാകുന്ന കൃഷിക്കാർക്ക് കിലോയ്ക്ക് 11 രൂപ വരെ വളർത്തുകൂലിയാണ് ബ്രഹ്മഗിരി നൽകുന്നത്. ആയിരം കുഞ്ഞുങ്ങളെ വളർത്താൻ 1.30 ലക്ഷം രൂപ മുൻകൂറായി കർഷകർ നൽകണം. വർഷത്തിൽ ആറ് ബാച്ചുകൾ ഉറപ്പാക്കും. ഇതുവഴി 1.32 ലക്ഷം രൂപ വരെ ലാഭമുണ്ടാകുമെന്നായിരുന്നു വാഗ്ദാനം. ആകെ ലാഭത്തിൽ നിന്ന് ഒരു വിഹിതത്തിനും കൃഷിക്കാർക്ക് അർഹതയുണ്ടാവും. അപ്രതീക്ഷിതമായി കർഷകർക്കുണ്ടാവുന്ന നഷ്ടം നികത്താൻ ലാഭവിഹിതത്തിൽ നിന്ന് ഒരുഭാഗം റിസ്ക് ഫണ്ടായി മാറ്റിവയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ആകർഷമായ വ്യവസ്ഥകൾ കാരണം നിരവധി പ്രവാസികൾ ഫാം തുടങ്ങാൻ രംഗത്തെത്തി.
വില കുറയുമ്പോഴുള്ള നഷ്ടം നികത്താൻ സർക്കാർ വില സ്ഥിരത നിധിയിൽ തുക വകയിരുത്തണമെന്നാണ് ബ്രഹ്മഗിരിയുടെയും കർഷകരുടെയും ആവശ്യം. കോഴിവിലയിലെ കുറവുമൂലം കഴിഞ്ഞ രണ്ട് ബാച്ചുകളിലെ വളർത്തുകൂലി മിക്ക കർഷകർക്കും ലഭിച്ചിട്ടില്ല. സർക്കാർ സഹായം ലഭിക്കാത്തതാണ് കാരണമായി ബ്രഹ്മഗിരി അധികൃതർ ചൂണ്ടിക്കാട്ടുന്നത്.