എടക്കര: എല്ലാ ജനുസിലും പെട്ട പക്ഷിമൃഗാദികളുള്ള , ആരും കൊതിക്കുന്ന ഫാം. അതായിരുന്നു നിഥിന്റെ ലക്ഷ്യം. അങ്ങനെയാണ് നാലു മാസം മുമ്പ് മുട്ടിക്കടവ് പൂച്ചക്കുത്തിൽ ആറരയേക്കർ സ്ഥലത്ത് ഫാം ആരംഭിച്ചത്. പക്ഷേ, ആഗസ്റ്റ് എട്ടിന് ഉരുൾപൊട്ടിയെത്തിയ പ്രളയജലം ബാക്കിവച്ചത്അനേകം അരുമകളുടെ ചത്തു വീർത്ത ശരീരങ്ങൾ മാത്രം. കരിമ്പുഴയും ചാലിയാറും കരകവിഞ്ഞാണ് ഫാമിൽ വെള്ളം കയറിയത്. മഴ കനത്തപ്പോൾ ഉച്ചയോടെ തന്നെ മൃഗങ്ങളെയും പക്ഷികളെയുമൊക്ക ഫാമിലെ ഉയർന്ന സ്ഥലത്തേക്ക് മാറ്റി. രാത്രി ഒമ്പതോടെ പ്രതീക്ഷയ്ക്ക് വിപരീതമായി ഉരുൾവെള്ളം ഉയർന്നു വരാൻ തുടങ്ങി. മൃഗങ്ങളെ കെട്ടഴിച്ചു വിട്ടും വിലപിടിപ്പുള്ള പക്ഷികളെ കൂടു തുറന്ന് സ്വതന്ത്രരാക്കിയും നിഥിനും ഫാം തൊഴിലാളികളും ജീവനും കൊണ്ട് രക്ഷപ്പെട്ടു. രണ്ടുദിവസം കഴിഞ്ഞ് വെള്ളമിറങ്ങിയപ്പോഴേക്കും ഫാം തകർന്ന് എല്ലാ ജീവികളും ചത്തൊടുങ്ങിയിരുന്നു. ജില്ലയിലെ ഒട്ടകമുള്ള ഏകഫാമാണ് നിഥിന്റേത്. ഈയടുത്താണ് ആശ എന്ന ഗർഭിണിയായ ഒട്ടകത്തെ ചെന്നെയിൽ നിന്നും മോഹവില കൊടുത്തു വാങ്ങിയത്. തമിഴ്നാട്ടിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിയായ കാഖേയ ഇനത്തിൽ പെട്ട മാണിക്യൻ എന്ന പോത്ത് ഫാമിലെ താരമായിരുന്നു. വിവിധ ബ്രീഡുകളിലുള്ള 15 ആടുകൾ, രണ്ട് എമു, മാർവാരി, നോക്രാ, കാതേവാരി ഇനത്തിൽപ്പെട്ട മൂന്ന് കുതിരകൾ, പോത്തുകൾ, റോഡ് വീലർ, ജർമ്മൻ ഷെപ്പേഡ്, ഡോബർമാൻ തുടങ്ങി വിവിധ ജനുസിൽപ്പെട്ട 16 നായകൾ, അലങ്കാരമത്സ്യങ്ങൾ, യാത്രയ്ക്കിടെ വാങ്ങിയ അപൂർവ്വയിനം പക്ഷികൾ, പൂച്ചകൾ എന്നിവയെല്ലാം 30 കാരനായ നിഥിന് നഷ്ടമായി. നാലായിരം ലഗോൺ കോഴികളെയും ലക്ഷക്കണക്കിന് രൂപയുടെ വളർത്തു മത്സ്യങ്ങളെയും പ്രളയജലം കൊണ്ടുപോയി. 35 ലക്ഷത്തോളം രൂപയുടെ നഷ്ടമാണ് ഫാം നശിച്ചതിലൂടെ നിഥിന് സംഭവിച്ചിരിക്കുന്നത്.