വളാഞ്ചേരി : മതസ്പർദ്ധ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ ക്ഷേത്രത്തിൽ അതിക്രമം കാണിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. സി.കെ പാറ സ്വദേശി കുരുത്തുകല്ലിങ്കൽ രാമകൃഷ്ണനാണ് അറസ്റ്റിലായത്.
എടയൂർ വടക്കുംപുറം സി.കെ പാറയിലെ നെയ്തലപ്പുറം ശ്രീ ധർമ്മ ശാസ്താക്ഷേത്രത്തിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുകയും ഉപദേവ പ്രതിഷ്ഠകൾ നശിപ്പിക്കുകയും ചെയ്ത കേസിലാണ് അറസ്റ്റ്. സംഭവത്തെ തുടർന്ന് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. പ്രദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ മതസ്പർദ്ധ ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തിച്ച പ്രതിയെ കാണാൻ നിരവധിപേർ തടിച്ചുകൂടിയിരുന്നു. തിരൂർ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിന്റെ നിർദ്ദേശപ്രകാരം വളാഞ്ചേരി സ്റ്റേഷൻ ഇൻസ്പെക്ടർ ടി. മനോഹരൻ, സബ് ഇൻസ്പെക്ടർ കെ.ആർ. രഞ്ജിത്ത്, എ.എസ്.ഐ ശശി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിവിൽ പൊലീസുകാരായ കൃഷ്ണപ്രസാദ്, അനീഷ്, ടി.ജെ. സജി, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തതോടെ പ്രദേശത്ത് ഉണ്ടാകുമായിരുന്ന വലിയൊരു ക്രമസമാധാന പ്രശ്നമാണ് ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു. പ്രതിയെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കൂട്ടുപ്രതികളുണ്ടോ എന്ന കാര്യം അന്വേഷിക്കുന്നുണ്ടെന്ന്പൊലീസ് പറഞ്ഞു.