bitcoin

പുലാമന്തോൾ: 485 കോടി രൂപയുടെ ബിറ്റ്‌കോയിൻ ഇടപാടുമായി ബന്ധപ്പെട്ട് മലയാളിയായ യുവാവിനെ ഡെറാഡൂണിൽ കൊലപ്പെടുത്തിയത് ബിസിനസ് പങ്കാളികളായ കൂട്ടുകാരാണെന്ന് പൊലീസ്. മലപ്പുറം വടക്കൻപാലൂർ സ്വദേശി മേലേപീടിയേക്കൽ അബ്ദുൽ ഷുക്കൂറാണ് (24) കഴിഞ്ഞ ബുധനാഴ്ച ക്രൂരമർദ്ദനത്തെ തുടർന്ന് കൊല്ലപ്പെട്ടത്. ബിറ്റ്‌കോയിൻ ബിസിനസ് പൊളിഞ്ഞതിന് പിന്നാലെ പങ്കാളികൾക്കൊപ്പം ഡെറാഡൂണിലേക്ക് മുങ്ങിയ ഷുക്കൂറിനെ ഇവിടെവച്ചുണ്ടായ തർക്കത്തെ തുടർന്നാണ് മലയാളികളായ പത്തുപേർ ചേർന്ന് കൊലപ്പെടുത്തിയതെന്ന് ഡെറാഡൂൺ പൊലീസ് പറഞ്ഞു. മരിച്ചതറിയാതെ ഷുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ചുപേരെ ഡെറാഡൂൺ പൊലീസ് തൊട്ടടുത്തദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. മഞ്ചേരി സ്വദേശികളായ ആഷിഖ്, അർഷാദ്, ഷിഹാബ്, മുനീഫ്, യാസിൻ, സുഫൈൽ മിക്തർ, അഫ്താബ് മുഹമ്മദ്, ഫാരിസ് മംമ്‌നൂൺ, സി.അരവിന്ദ്, അൻസിഫ് അലി എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്; ഒരുവർഷം മുമ്പ് ബിറ്റ്‌കോയിന്റെ മൂല്യമിടിഞ്ഞതോടെ നിക്ഷേപകർ പണം ആവശ്യപ്പെട്ടുത്തുടങ്ങി. മൂന്നുവർഷമായി കാസർകോട് കേന്ദ്രീകരിച്ചാണ് ഷുക്കൂർ പ്രവർത്തിച്ചിരുന്നത്. നിക്ഷേപകരിൽ നിന്നുള്ള ഭീഷണിക്ക് പിന്നാലെ ആഗസ്റ്റ് 12ന് ഷുക്കൂറും മറ്റ് ഒമ്പത്പേരും ഡെറാഡൂണിൽ വിദ്യാർത്ഥിയായ സുഹൃത്ത് യാസീനിന്റെ അടുക്കലേക്ക് പോയി. തന്റെ ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ഹാക്ക്‌ ചെയ്യപ്പെട്ടെന്നും വൈകാതെ സ്വന്തമായി വ്യാപാരം ആരംഭിക്കുമെന്നും ലാഭത്തിൽ നിന്ന് നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പങ്കാളികളോട് ഷുക്കൂർ പറഞ്ഞു. കോടികൾ വിലയുള്ള ബിറ്റ്‌കോയിൻ ഇപ്പോഴും ഷുക്കൂറിന്റെ പക്കലുണ്ടെന്നും പാസ്‌വേഡ് കണ്ടെത്തി പണം സ്വന്തമായി കൈപ്പറ്റാനുമാണ് ഷുക്കൂറിന്റെ ശ്രമമെന്നും പങ്കാളികൾ വിശ്വസിച്ചു. ആഗസ്റ്റ് 26ന് യാസിനിന്റെ ഡെറാഡൂണിലെ വാടകവീട്ടിൽ ഷുക്കൂറിനെ കസേരയോടു ചേർത്തു കെട്ടിയിട്ടശേഷം ഇവർ ക്രൂരമർദ്ദനമാരംഭിച്ചു. ഇതു മൂന്നുദിവസം വരെ തുടർന്നിട്ടും ബിറ്റ്‌കോയിൻ വ്യാപാര അക്കൗണ്ട് ലഭിച്ചില്ല. മർദ്ദനത്തെ തുടർന്ന് ഷുക്കൂറിന്റെ ആരോഗ്യസ്ഥിതി മോശമാവുകയും തുടർന്ന് അഞ്ചുപേർന്ന് രാത്രിയോടെ ആശുപത്രിയിലെത്തിച്ചു. ഷുക്കൂർ മരിച്ചതറിഞ്ഞതോടെ മുങ്ങിയ ഇവരെ സിസി ടിവി ദൃശ്യങ്ങളും ആശുപത്രി രേഖയിലെ വിവരങ്ങൾ പ്രകാരവും പിടികൂടുകയായിരുന്നു. മറ്റ് അഞ്ച് പേർക്കായുള്ള തിരച്ചിൽ തുടരുകയാണെന്ന് ഡെറാഡൂൺ പൊലീസ് അറിയിച്ചു. ഇന്നലെ ഡെറാഡൂണിലെത്തിയ ബന്ധുക്കൾ ഷുക്കൂറിന്റെ മൃതദേഹം ഏറ്റുവാങ്ങി. വൈകിട്ട് നാട്ടിലെത്തിച്ചു വടക്കൻ പാലൂർ ജുമാമസ്ജിദിൽ ഖബറടക്കി.

എന്താണ് ബിറ്റ്കോയിൻ

ബാങ്കുകളുടെ സഹായമില്ലാതെ തന്നെ ഉപഭോക്താക്കൾക്ക് ഇലക്ട്രോണിക് സംവിധാനത്തിലൂടെ ഇടപാടുകൾ നടത്താൻ കഴിയുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്‌കോയിൻ. എന്നാൽ ഇതിന് കേന്ദ്രീകൃതമായ നിയന്ത്രണ സംവിധാനമില്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കുന്ന പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റുവെയർ കോഡാണിത്. എൻക്രിപ്ഷൻ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ ക്രിപ്‌റ്റോ കറൻസി എന്നും വിളിക്കാറുണ്ട്. ബിറ്റ്‌കോയിൻ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സൈറ്റിലൂടെയാണ് ആവശ്യക്കാർ ബിറ്റ്‌കോയിൻ വാലറ്റ് സ്വന്തമാക്കുന്നത്. ഇന്ത്യയിൽ ബിറ്റ്‌കോയിൻ ഇടപാട് നിരോധിച്ചിട്ടുണ്ട്.