പൊന്നാനി: കേരളത്തിലെ മാപ്പിള സംസ്ക്കാരത്തെ കുറിച്ച് അറിയാനും പഠിക്കാനും രേഖപ്പെടുത്താനുമായി ജർമ്മൻ ഗവേഷകന്റെ സഞ്ചാരം. ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയന്റൽ ആന്റ് ആഫ്രിക്കൻ സ്റ്റഡീസ് വിസിറ്റിംഗ് പ്രൊഫസറും, മ്യൂസിയം കുറേറ്ററുമായ റോൾഫ് കില്ല്യൂസാണ് ഇൻഡോ അറബ് ബന്ധത്തിന്റെ ഭാഗമായുള്ള മാപ്പിള സംസ്ക്കാരത്തെ കുറിച്ചറിയാൻ കേരള തീരത്തെ നാട്ടറിവുകൾ തേടി ഇറങ്ങിയിരിക്കുന്നത്. ഖത്തർ മ്യൂസിയത്തിൽ ക്യൂറേറ്ററായിരിക്കെ കേരളത്തിലെ മാപ്പിള സംസ്ക്കാരത്തെ കുറിച്ച് അറിഞ്ഞ കാര്യങ്ങളിൽ നിന്നാണ് അറബ് കേരള സംസ്ക്കാരത്തിന്റെ സാമ്യതകൾ തേടി ഇറങ്ങാൻ റോൾഫിനെ പ്രേരിപ്പിച്ചത്. കൊടുങ്ങല്ലൂർ മുതൽ കൊണ്ടോട്ടി വരെയാണ് റോൾഫ് തന്റെ ഗവേഷണ മേഖല നിശ്ചയിച്ചിരിക്കുന്നത്.
പഠന ഗവേഷണത്തിന്റെ ഭാഗമായി പൊന്നാനിയിലെത്തിയ റോൾഫിനു മുന്നിൽ മാപ്പിള കലാ സംസ്കൃതിയുടെ പരിഛേദം അവതരിപ്പിച്ചു. ചരിത്രപ്രസിദ്ധമായ വെട്ടം പോക്കരിയകം തറവാടായിരുന്നു വേദി. പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പൊന്നാനി ബിസായം എന്ന പേരിലാണ് കൂട്ടായ്മ ഒരുക്കിയത്. പൊന്നാനിയിലെത്തിയ റോൾഫിനെ മുസ്ലിം കല്ല്യാണ വീടുകളിലെ പുരാതന കലാരൂപമായ മൗതള പുനരാവിഷ്ക്കരിച്ചാണ് സ്വീകരിച്ചത്. പഴയ കലാകാരന്മാർ അദ്ദേഹവുമായി അനുഭവങ്ങൾ പങ്കുവെച്ചു. പഴയ പാട്ടുകൾ പഴമ വിടാതെ പാടി കേൽപ്പിച്ചു. സാംസ്ക്കാരികമായ മാപ്പിള രീതികളെ പഴമക്കാർ അദ്ദേഹത്തിന് പരിചയപ്പെടുത്തി. റമദാനിൽ മുസ്ലിം വീടുകളിൽ കുട്ടികൾ സമയം ചിലവിടാൻ ഉപയോഗിച്ചിരുന്ന മുത്താഴവെടി
റോൾഫിനായി പൊട്ടിച്ചു. മുപ്പത്തിരിയും, മുട്ടമാലയും, മുട്ടസർക്കയും, ചിരട്ടിമാലയും ഉൾപ്പെടെ പൊന്നാനിയുടെ തനത് വിഭവങ്ങൾ ഒരുക്കിയിരുന്നു. ഈ മാസം 12 വരെ റോൾഫ് കേരളത്തിലുണ്ടാകും. മാപ്പിള സംസ്ക്കാരം സംബന്ധിച്ച ഗവേഷണ പ്രബന്ധത്തോടൊപ്പം വിഷ്വൽ ഡോക്യുമെന്ററിയും അദ്ദേഹം ചെയ്യുന്നുണ്ട്. 20 വർഷം മുൻപ് കേരളം സന്ദർശിച്ച റോൾഫ് ക്ഷേത്രങ്ങളിലെ വാദ്യോപകരണ കലകളെ കുറിച്ച് പഠനം നടത്തുകയും പുസ്തക രചന നടത്തുകയും ചെയ്തിരുന്നു.
നരവംശ സംഗീത ശാസ്ത്രഞ്ജൻ,ഓറൽ ഹിസ്റ്റോറിയൻ, സിനിമ നിർമ്മാതാവ്, ബ്രിട്ടീഷ് ലൈബ്രറി,ഖത്തർ മ്യൂസിയം എന്നിവയിലെ മുൻ ഉദ്യോഗസ്ഥൻ, ജർമ്മൻ മ്യൂസിക്കൽ ഇൻസ്ട്രുമെന്റ് മ്യൂസിയം ഗസ്റ്റ് കുറേറ്റർ, ഇന്റർനാഷണൽ എക്സിബിഷൻ ക്യൂറേറ്റർ, റേഡിയോ ജേണലിസ്റ്റ് എന്നീ നിലകളിൽ പ്രശസ്തനാണ് റോൾഫ്.
അറബ് രാജ്യങ്ങൾക്കുപുറമെ ഇന്ത്യ,പാക്കിസ്ഥാൻ,ബംഗ്ലാദേശ്,നേപ്പാൾ, കുർദിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ കല, സംസ്കാരം, സംഗീതം, നാടൻ കലകൾ എന്നിവയെ കുറിച്ചുള്ള ഗവേഷണ പഠനത്തിൽ മുഴുകിയിരിക്കുകയാണ് അദ്ദേഹം. ആറങ്ങോട്ടുകര ആസ്ഥാനമായി പ്രവർത്തിക്കുന്ന വയലി നാട്ടറിവ് സംഘവുമായി ചേർന്നാണ് റോൾഫ് കേരളത്തിലെ മാപ്പിള സംസ്കാര പഠനം നടത്തുന്നത്.
പൊന്നാനിയിലെത്തിയ റോൾഫിന് അദ്ദേഹത്തിന്റെ ഗവേഷണങ്ങൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിന് പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ ഭാരവാഹികളായസി.എസ്. പൊന്നാനി, ഇ.വി.അബ്ദുൽ അസീസ് ഇബ്രാഹിം മാളിയേക്കൽ , ടി.വി.അബ്ദുറഹ്മാൻ കുട്ടി, ഷാജി ഹനീഫ്, സി.വി. നവാസ്, ഒ.കെ.ഉമർ ടി.വി.സുബൈർ എന്നിവർ നേതൃത്വം നൽകി.