നിലമ്പൂർ: കാടിന്റെ മക്കളെ പൊതുധാരയിലെത്തിക്കാൻ അക്ഷീണം പ്രവർത്തിച്ചതിന് അംഗീകാരം ലഭിച്ച സന്തോഷത്തിലാണ് നിലമ്പൂർ ഐ.ജി.എം.എം.ആർ സ്കൂൾ പ്രധാനാദ്ധ്യാപിക ആർ.സൗദാമിനി. ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലയിൽ സംസ്ഥാന അദ്ധ്യാപക പുരസ്കാരം ഇത്തവണ തേടിയെത്തിയത് സൗദാമിനി ടീച്ചറെയാണ്. പട്ടികവർഗ്ഗ വകുപ്പിന്റെയും വിദ്യാഭ്യാസവകുപ്പിന്റെയും നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് ഉൾവനങ്ങളിലെ കോളനികളിൽ നിന്നും എത്തി പഠനം നടത്തുന്ന കുട്ടികൾക്കായി വിശ്രമമില്ലാതെ പ്രയത്നിച്ചതിന്റെ പ്രതിഫലം കൂടിയാണിതെന്ന് വിശ്വസിക്കാനാണ് ടീച്ചർക്ക് താത്പര്യം. കോളനികളിൽ നിന്നും എത്തുന്ന കുട്ടികളെ പൊതുധാരയിലെത്തിക്കുകയെന്നത് വെല്ലുവിളി നിറഞ്ഞ ശ്രമം തന്നെയാണ്. വിദ്യാലയത്തിൽ മുഴുവൻ സമയമുണ്ടാവുക എന്ന നിർദ്ദേശം കൂടി പാലിച്ച് കുട്ടികളുടെ ഓരോ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്താൻ ഈ അദ്ധ്യാപികയുടെ നേതൃത്വത്തിൽ സ്കൂളിനാവുന്നുണ്ട്. 508 വിദ്യാർത്ഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. പത്താം തരത്തിൽ വർഷങ്ങളായി നൂറുശതമാനം വിജയം, സ്കൂളിലെ ജൈവകൃഷിക്ക് അംഗീകാരം,ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ രണ്ടാംസ്ഥാനം, ജില്ലയിലെ മികച്ച എസ്.പി.സി യൂണിറ്റ് തുടങ്ങി നിരവധി നേട്ടങ്ങളാണ് ഐ.ജി.എം.എം.ആർ.എസിന് നേടാനായിട്ടുള്ളത്.
2013ലാണ് സൗദാമിനി ടീച്ചർ പ്രാക്തന ഗോത്രവിഭാഗക്കാർക്കായുള്ള വിദ്യാലയത്തിന്റെ അമരത്തെത്തുന്നത്. എൽ.ഐ.സി ഉദ്യോഗസ്ഥനായ മുരുകനാണ് സൗദാമിനി ടീച്ചറുടെ ഭർത്താവ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന ദിലീപ്, ബി.എഡ് വിദ്യാർത്ഥിനി ദീപ്തി, എം.ബി.ബി.എസ് വിദ്യാർത്ഥി ദീപക് എന്നിവർ മക്കളാണ്.