പെരിന്തൽമണ്ണ: പ്രളയാനന്തര കേരളത്തിന്റെ പുനസൃഷ്ടിക്ക് കരുത്തുപകരാൻ പ്രളയം പകുത്തെടുത്ത ഒരു പാലത്തെ പുനർജനിപ്പിക്കാൻ ഒരുങ്ങുകയാണ് പെരിന്തൽമണ്ണ പാണമ്പിയിലെ ജനകീയ കൂട്ടായ്മ. പെരിന്തൽമണ്ണ ഇ.എം.എസ് നഴ്സിങ് കോളജ് റോഡിലുള്ള പാണമ്പി പണിക്കരപ്പടി റോഡിലെ ഓവുപാലമാണ് നാട്ടുകാരുടെയും പ്രാദേശിക സ്ഥാപനങ്ങളുടെയും കൂട്ടായ്മയിൽ യുദ്ധകാലടിസ്ഥാനത്തിൽ പുനർജനിക്കാൻ പോകുന്നത്. ആഗസ്റ്റ് എട്ടിനാണ് അതിശക്തമായ ഒഴുക്കിൽ പാലം രണ്ടായി പിളർന്നത്. ഇതോടെ ഇരുകരകളിലുമുള്ള ജനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാൻ കഴിയാതെ വഴിമുട്ടി.
സ്കൂളുകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും എത്തിപ്പെടാൻ പ്രയാസമായ സാഹചര്യത്തിലാണ് പാലം നിർമിക്കാനായുള്ള കൂട്ടായശ്രമം നടന്നത്. അതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മ രൂപീകരിക്കുകയും പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കുകയും ചെയ്തു. ഡോ.മുഹമ്മദ് ചെയർമാനും വി.മുഹമ്മദ് ഹനീഫ കൺവീനറുമായാണ് കമ്മിറ്റി രൂപീകരിച്ചത്. 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് പാലത്തിനായി തയ്യാറാക്കിയത്. പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിന്റെയും ഔറ ഗ്ലോബൽ സ്കൂളിന്റെയും ഹോം സ്റ്റഡ് വില്ലയുടെയും ധനസഹായവും നാട്ടുകാരുടെ സംഭാവനയും കൂടി ചേർന്നപ്പോൾ പാലം യാഥാർഥ്യമാകാനുള്ള ആദ്യത്തെ കടമ്പ കടന്നു.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് നിർമാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നത്. നാളെ പാലത്തിന്റെ മെയിൻ സ്ലാബുകളുടെ നിർമ്മാണം പൂർത്തിയാകും. ഈമാസം പകുതിയോടെ ജനകീയ കൂട്ടായ്മയുടെ പാലം നാടിന് സമർപ്പിക്കാനാവും.
ഇതോടെ കേരളത്തിന്റെ അതിജീവനത്തിന്റെ മറ്റൊരു അധ്യായവും രചിക്കുകയാണ് പാണമ്പിയിലെ ജനങ്ങൾ. പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് ഡോ.സെയ്യിദ് ഫൈസൽ, ഡോ.വിജയ്, വി.ടി നിയാസ് തുടങ്ങിയവരും നേതൃത്വം നൽകി.