ഷൊർണൂർ: മുണ്ടായ പാടശേഖരത്തിൽ ഭാരതപ്പുഴയുടെ തീരത്ത് നടക്കുന്ന അനധികൃത കെട്ടിട നിർമ്മാണം പാടശേഖര സമിതിയുടെയും നാട്ടുകാരുടെയും എതിർപ്പിനെ തുടർന്ന് നിറുത്തിവച്ചു.
ഭാരതപ്പുഴയുടെ അരികു ഭിത്തിയിൽ നിന്ന് അഞ്ചടി മാത്രം അകലത്തിലാണ് സ്വകാര്യ വ്യക്തി ബന്ധപ്പെട്ട അധികൃതരുടെ അനുമതിതേടാതെ കെട്ടിട നിർമ്മിക്കുന്നത്. അടിത്തറ കെട്ടി ബെൽറ്റ് വാർത്ത് ഇഷ്ടിക ഉപയോഗിച്ച് കെട്ടിടം പടുത്തുയർത്തുന്നതിനിടെയാണ് നാട്ടുകാർ എതിർപ്പുമായി രംഗത്തെത്തിയത്. തുടർന്ന് പാടശേഖര സമിതി ഷൊർണൂർ വില്ലേജിലും നഗരസഭാ സെക്രട്ടറിക്കും പരാതി നൽകുകയായിരുന്നു. വില്ലേജ് ഉദ്യോഗസ്ഥരെത്തുമ്പോൾ തൊഴിലാളികൾ നിർമ്മാണം നിറുത്തിവച്ച് സ്ഥലം വിട്ടു.
മുണ്ടായ ഭാഗത്ത് പുഴയോട് ചേർന്നുള്ള പാടശേഖരങ്ങൾ നികത്തി വീടുവെക്കൽ തകൃതിയാണ്. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് പലതും കെട്ടിപ്പൊക്കുന്നത്. പ്രളയം കവർന്ന പുഴയോരങ്ങളിൽ വീടുനിർമ്മാണത്തിന് അനുമതി നൽകുന്നത് വൻ അഴിമതിയുടെ ഭാഗമാണെന്നാണ് ഉയരുന്ന ആക്ഷേപം. നെൽപ്പാടങ്ങളിൽ കമ്പിവേലി കെട്ടിത്തിരിച്ചും കരിങ്കല്ല് കൊണ്ട് അതിരുകൾ തിരിച്ചും പാടശേഖരങ്ങൾ ഇല്ലാതാക്കുന്ന പ്രവർത്തി വ്യാപകമായിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു.