ശ്രീകൃഷ്ണപുരം: പൂക്കോട്ടുകാവ് പഞ്ചായത്ത് ആവിഷ്‌കരിച്ച പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന പദ്ധതി 'നല്ല ഭൂമി'ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ 25.2 ലക്ഷം രൂപ ചെലവഴിച്ച് പൂക്കോട്ടുകാവിൽ നിർമ്മിച്ച പ്ലാസ്റ്റിക് ബെയിലിംഗ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം പി.ഉണ്ണി എം.എൽ.എ നിർവഹിച്ചു.
ബെയിലിംഗ് യൂണിറ്റിനുള്ള ഹാൾ, മെറ്റീരിയൽ കളക്ഷൻ സെന്റർ, ബെയിലിംഗ് യന്ത്രം എന്നിവയാണ് ശുചിത്വമിത്ര പദ്ധതിയിലുൾപ്പെടുത്തി പദ്ധതിവിഹിതം ഉപയോഗിച്ച് ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ചത്. പഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നുമുള്ള 13 വനിതകൾ ഉൾപ്പെട്ട ഹരിത കർമ്മസേനാംഗങ്ങൾ 30 രൂപ യൂസർഫീ ഈടാക്കിയാണ് പ്ലാസ്റ്റിക് ശേഖരിക്കുന്നത്. ഇവ തരംതിരിച്ച് ബെയിലിംഗ് യൂണിറ്റിൽ സ്ഥാപിച്ച യന്ത്രത്തിന്റെ സഹായത്തോടെ കെട്ടുകളാക്കി റീസൈക്ലിംഗ് പ്ലാന്റുകളിലേക്ക് കൈമാറും. സമീപ പഞ്ചായത്തുകളെയും പങ്കാളികളാക്കി പ്രവർത്തിപ്പിക്കുന്ന ഈ സംരംഭത്തിന് മുണ്ടൂരിലെ ഐ.ആർ.ടി.സിയാണ് സാങ്കേതിക പിന്തുണ നൽകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. ഹരിതകർമ്മസേന അംഗങ്ങൾക്കുള്ള ബാഡ്ജുകൾ ജില്ലാ പഞ്ചായത്ത് അംഗം എം.കെ.ദേവി വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജ്യോതിവാസൻ ഹരിതകർമ്മസേനയുടെ ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജയദേവൻ, ഹരിതകേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ വൈ.കല്യാണകൃഷ്ണൻ, എം.ബീന, പി.എം.നാരായണൻ, പി.അംബുജാക്ഷി, ഓമന, പി.മനോജ്, ഹരിശങ്കർ മുന്നൂർക്കോട് എന്നിവർ സംസാരിച്ചു.