പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാമ്പിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ കുമാർ ആത്മഹത്യ ചെയ്‌തതുമായി ബന്ധപ്പെട്ട് ആരോപണവിധേയരായ ഏഴ് പൊലീസുകാർക്ക് സസ്പെൻഷൻ. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പിയുടെ പ്രാഥമികാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ശിവവിക്രം ആണ് കേസന്വേഷണം പൂർത്തിയാകുംവരെയുള്ള സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്. ഡി.ജി.പിയുടെ നിർദ്ദേശപ്രകാരം കേസന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുമെന്നും എസ്.പി പറഞ്ഞു.
എ.എസ്.ഐ എൻ.റഫീഖ്, ഗ്രേഡ് എ.എസ്.ഐ പി.ഹരിഗോവിന്ദ്, എസ്.സി.പി.ഒ എം.മുഹമ്മദ് ആസാദ്, സി.പി.ഒമാരായ കെ.സി.മഹേഷ്, എസ്.ശ്രീജിത്ത്, കെ.വൈശാഖ്, വി.ജയേഷ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി നടത്തിയ അന്വേഷണത്തിൽ ക്യാമ്പിലെ പൊലീസുകാർക്ക് ക്വാർട്ടേഴ്‌സ് അനുവദിച്ചതിൽ ഉൾപ്പെടെ ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. ക്വാർട്ടേഴ്സ് മാറ്റുമ്പോൾ കുമാറിന്റെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ സാധനങ്ങൾ സഹപ്രവർത്തകർ മാറ്റിയതിനും മൊബൈലും താക്കോലും പിടിച്ചുവച്ചതിനുമാണ് മേലുദ്യോഗസ്ഥർക്കെതിരായ വകുപ്പുതല നടപടി.
എന്നാൽ, കുമാറിന് ക്യാമ്പിൽ ജാതീയവിവേചനമോ ശാരീരിക, മാനസിക പീഡനമോ ഏറ്റതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. ആത്മഹത്യാക്കുറുപ്പിൽ പറഞ്ഞിട്ടുള്ള ഡെപ്യൂട്ടി കമാൻഡിന്റെ ഉൾപ്പെടെ ക്യാമ്പിലെ എല്ലാ പൊലീസുകാരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രാരംഭനടപടി മാത്രമാണ് ഇതുവരെ സ്വീകരിച്ചതെന്നും, കുടുംബാംഗങ്ങൾ ഉന്നയിച്ചവ ഉൾപ്പെടെയുള്ള ആരോപണങ്ങൾ വിശദമായി അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. സംഭവത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുമാറിന്റെ ഭാര്യ ഇന്നലെ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
ജാതീയ വിവേചനം
കണ്ടെത്തിയില്ല: കമ്മിഷൻ
കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി- പട്ടികവർഗ കമ്മിഷൻ എ.ആർ ക്യാമ്പിലെത്തി തെളിവെടുപ്പ് നടത്തി. ക്യാമ്പ് ചുമതലയുള്ള കുര്യച്ചൻ, ആത്മഹത്യാക്കുറിപ്പിൽ പരാമശിക്കപ്പെട്ട ആസാദ് എന്നിവരുൾപ്പെടെ മൂന്നു പേരുടെ മൊഴിയെടുത്തു. ഡെപ്യൂട്ടി കമാൻഡന്റ് സുരേന്ദ്രനെ പിന്നീട് ക്യാമ്പ് ആസ്ഥാനത്ത് വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. ക്യാമ്പിൽ ജാതീയ വിവേചനം ഉള്ളതായി കണ്ടെത്താനായില്ലെന്ന് കമ്മിഷൻ അംഗം എസ്.അജയകുമാർ പറഞ്ഞു. കുമാറിന്റെ ഭാര്യ സജിനിയുടെയും സഹോദരൻ രങ്കന്റെയും മൊഴി നാളെ വീട്ടിലെത്തി രേഖപ്പെടുത്തും.