പാലക്കാട്: സമൂഹത്തിന്റെ കാവലാകുന്ന എക്‌സൈസ് ഉദ്യോഗസ്ഥർക്ക് തോക്ക് ഉപയോഗിക്കാനുള്ള പരിശീലനം നൽകുമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട് നടന്ന കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ 40മത് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

എക്‌സൈസിന് നേരെയുള്ള ആക്രമണങ്ങൾ സർക്കാർ ഗൗരവമായാണ് കാണുന്നത്. അഴിമതിക്കെതിരെ കർശന നിലപാട് സ്വീകരിക്കും. മയക്കുമരുന്നു കേസുകൾക്കായി ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കും. പൊലീസ് ഉൾപ്പെടെ വിവിധ വകുപ്പുകൾ ചേർന്ന് എക്‌സൈസിനെ കൂടുതൽ ശക്തിപ്പെടുത്തും. കൂടാതെ ലഹരിക്കെതിരെയുള്ള ബോധവത്കരണ ക്ലാസുകളും വിമുക്തി പ്രവർത്തനവും കൂടുതൽ ശക്തിപ്പെടുത്തും. ലഹരിമരുന്ന് മാഫിയയെ ശക്തമായി നേരിടുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പിരായിരി ഹൈടെക്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.ശ്രീകണ്ഠൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.ശാന്തകുമാരി, അഡീഷണൽ എക്‌സൈസ് കമ്മിഷണർ സാം ക്രിസ്റ്റി ഡാനിയേൽ, പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.പി.സുലേഷ് കുമാർ, എക്‌സൈസ് പെൻഷനേഴ്‌സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.കലാധരൻ, കെ.എസ്.ഇ.എസ്.എ ജില്ലാ സെക്രട്ടറി എം.എൻ.സുരേഷ് ബാബു, മുൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആർ.അജിത്, സി.ജി.സുരേഷ്, മുൻ സംസ്ഥാന പ്രസിഡന്റ് എം.വർഗ്ഗീസ് ആന്റണി, പി.ഡി.കലേഷ്, കെ.രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.


തുടർന്ന് ഉച്ചയ്ക്ക് ശേഷം 'പ്രളയാനന്തരം-കേരള ' എന്ന വിഷയത്തിൽ സെമിനാർ നടന്നു. കെ.എസ്.ഇ.എസ്.എ സംസ്ഥാന സെക്രട്ടറി ആർ.രാജീവ്, വൈസ് പ്രസിഡന്റ് എം.എ.കെ.ഫൈസൽ, കെ.സന്തോഷ് കുമാർ, എസ്.രവികുമാർ എന്നിവർ സംബന്ധിച്ചു. ഇന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം പുരോഗമനകലാ സാഹിത്യസംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് നടക്കുന്ന സമാപന സമ്മേളനം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും.