thottam
വെള്ളിനേഴി പഞ്ചായത്തിലെ ചേന തോട്ടം.

 കൃഷി നടത്തുന്നത് മൂന്നൂറ് ഏക്കർ സ്ഥലത്ത്

ചെർപ്പുളശ്ശേരി: ഇടനിലക്കാരുടെ ചൂഷണത്തിൽനിന്നും ചേന കർഷകരെ സംരക്ഷിക്കാൻ വെള്ളിനേഴി പഞ്ചായത്ത്. വിലപേശൽനടത്തി ഇടനിലക്കാർ ചേനയ്ക്ക് വില കുറയ്ക്കാതിരിക്കാനും കർഷകന് ന്യായമായ വില ലഭ്യമാക്കുന്നതിനും വേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചേന കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചു.


സംസ്ഥാനത്തുതന്നെ കൂടുതൽ ചേന കൃഷിചെയ്യുന്ന പഞ്ചായത്താണ് വെള്ളിനേഴി. പഞ്ചായത്തിലെ മുഖ്യ കാർഷിക വിളയായി ഇന്ന് ചേന കൃഷി മാറിയിട്ടുണ്ട്. 300ലധികം ഏക്കറിലാണ് കൃഷി ചെയ്യുന്നു. പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി കർഷകർക്ക് സബ്‌സിഡിയും നൽകുന്നുണ്ട്.
വെള്ളിനേഴിയെ ശ്രീകാര്യം കിഴങ്ങുവിള ഗവേഷണ കേന്ദ്രം ട്യൂബർ ഹബ്ബായി തിരഞ്ഞെടുത്തതിന്റെ ഭാഗമായി കർഷകർക്ക് അത്യുല്പാദന ശേഷിയുള്ള ഗജേന്ദ്ര വിത്തു ചേനയാണ് സൗജന്യമായി കൃഷിഭവൻ ഈ വർഷം നൽകിയത്.

ചേനക്കൃഷി ചെയ്യുന്നത് മുഖ്യമായും നെൽവയലുകളിൽലാണ്. നെൽവയലുകൾ സംരക്ഷിക്കുന്നതിന് പഞ്ചായത്ത് ഒരുവിള നെല്ലും ഒരുവിള ചേനയും പദ്ധതിയാണ് നടപ്പിലാക്കി വരുന്നത്. നിലവിൽ ചേനയുടെ വിളവെടുപ്പിന്റെ കാലമാണ്. ചേന കർഷകരെ സമ്മർദത്തിലാക്കി വിലകുറച്ച് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കയാണ് ഇടനിലക്കാർ. പൊതുമാർക്കറ്റിൽ 30 രൂപ വിലയുള്ള ചേനക്ക് 15 രൂപയാണ് കർഷകർക്ക് ലഭിക്കുന്നത്. ചേന പറിച്ചതിനു ശേഷം നെൽകൃഷി ചെയ്യാൻ പാടങ്ങൾ അടിയന്തരമായി ഒരുക്കേണ്ടതുണ്ട്. ഈ സാഹചര്യമാണ് ഇടനിലക്കാർ മുതലെടുക്കുന്നത്.

ഇനിമുതൽ ചേന വിലകുറച്ചു കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് പഞ്ചായത്തിലെ കർഷകർ.

 ചേന വിപണിയെ നിയന്ത്രിക്കുന്നത് വെള്ളിനേഴി പഞ്ചായത്തിലെ പ്രദേശങ്ങൾ ആയിരുന്നിട്ടുപോലും കൃഷിക്കാരന്റെ ഉല്പന്നത്തിന് വില പറയാൻ അവസരമില്ലാത്ത സാഹചര്യം ഇനി ഉണ്ടാകില്ലെന്ന് കർഷക കൂട്ടായ്മ പ്രസിഡന്റ് പി.മുകുന്ദൻ പറഞ്ഞു.