hospital
ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ ഒ.പി ടിക്കറ്റ് എടുക്കാൻ ക്യൂ നിൽക്കുന്ന രോഗികൾ.

ചിറ്റൂർ: താലൂക്ക് ആശുപത്രിയിൽ എത്തുന്ന രോഗികൾ ഒ.പി ടിക്കറ്റെടുക്കാൻ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട അവസ്ഥയിലാണ്. ഒ.പി ടിക്കറ്റ് നൽകാൻ ദിവസവേതനത്തിന് നിയമിച്ച ജീവനക്കാർക്ക് ക്ലാർക്കിന്റെയും അവധിയിലുള്ള ജീവനക്കാരുടെയും ജോലിയെടുക്കേണ്ടി വരുന്നതാണ് കാരണം.

ഒ.പി ടിക്കറ്റ് എടുക്കുന്നതിന് സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം ക്യൂ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ടിക്കറ്റ് നൽകുന്നതിന് ഒരാളെ മാത്രമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതാണ് തിരക്കിന് കാരണം. വിഷയത്തിൽ പരാതിപ്പെട്ടാൽ തന്നെ ആശുപത്രി സൂപ്രണ്ടും നഗരസഭയും പരസ്പരം പഴിചാരി കൈയൊഴിയുകയാണ്. ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന രാവിലെ ഒമ്പതു മുതൽ ഒന്നുവരെയുള്ള സമയങ്ങളിൽ രണ്ട് കൗണ്ടർ വഴി ഒ.പി നൽകാനുള്ള സംവിധാനം ഒരുക്കിയാൽ ബുദ്ധിമുട്ട് ഒഴിവാക്കാമെങ്കിലും നടപടി സ്വീകരിക്കാൻ അധികൃതർ തയാറാവുന്നില്ല.

അട്ടപ്പാടി കഴിഞ്ഞാൽ കൂടുതൽ ആദിവാസി വിഭാഗങ്ങൾ താമസിക്കുന്ന ചിറ്റൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും 600 മുതൽ 900 പേരാണ് പ്രതിദിനം ചികിത്സക്കായി ആശുപത്രിയിൽ എത്തുന്നത്. സംസ്ഥാന ആരോഗ്യവകുപ്പും താൽകാലിക ജീവനക്കാരുടെ നിയമനത്തിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകുന്നതിൽ നഗരസഭയുടെ ഭാഗത്ത് നിന്നുണ്ടാവുന്ന വീഴ്ച്ചയും ഇവിടെയെത്തുന്ന രോഗികൾക്ക് ദുരിതംവിതയ്ക്കുകയാണ്. ഡോക്ടർമാരുടെ എണ്ണത്തിനനുസരിച്ച് ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ ആരോഗ്യ വകുപ്പും നഗരസഭയും തയ്യാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.