പാലക്കാട്: അധികാരങ്ങൾ കവർന്നെടുത്ത് കേന്ദ്ര സർക്കാർ തൊഴിലാളികളെ അടിമത്വത്തിലേക്ക് തള്ളിവിട്ടിരിക്കയാണെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ പറഞ്ഞു. പാലക്കാട് നടന്ന ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ സി.ഐ.ടി.യു സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ തൊഴിലാളികളെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കാൻ യോജിച്ച സമരത്തിന് മുഴുവൻ തൊഴിലാളി വിഭാഗങ്ങളും തയ്യാറാകണം. അവകാശങ്ങൾ നിഷേധിക്കുന്നതിന് പുറമെ മിനിമംവേതനം പതിനായിരം രൂപയാക്കണമെന്ന തൊഴിലാളികളുടെ ആവശ്യങ്ങൾ പോലും കേന്ദ്രസർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യാക്കര എസ്.എ ഹാളിൽ നടന്ന ചടങ്ങിൽ സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനന്ദത്തലവട്ടം ആനന്ദൻ അദ്ധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്‌സൺ ശോഭന ജോർജ്, സി.ഐ.ടി.യു സംസ്ഥാന സമിതി അംഗം ടി.കെ.അച്യുതൻ, ടി.സി.മാത്തുക്കുട്ടി, പി.വി.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ഇന്ന് രാവിലെ 10.30ന് നടക്കുന്ന ഖാദി ഗ്രാമ വ്യവസായ സമ്മേളനം മന്ത്രി ഇ.പി.ജയരാജൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഭാരവാഹി തെരഞ്ഞെടുപ്പും നടക്കും.