അലനല്ലൂർ: പഞ്ചായത്തിന്റെ 'ഗെറ്റ് റെഡി 2019' സമ്പൂർണ സ്‌കോളർഷിപ്പ് ബോധവത്കരണ പദ്ധതിക്ക് തുടക്കമായി. സർക്കാരും വിവിധ സന്നദ്ധസംഘടനങ്ങളും നൽകുന്ന വിദ്യാഭ്യാസ സ്‌കോളർഷിപ്പുകൾക്ക് പഞ്ചായത്തിലെ അർഹരായ മുഴുവൻ വിദ്യാർത്ഥികളെയും അപേക്ഷിക്കാൻ ബോധവത്കരണം നൽകുന്നതാണ് പദ്ധതി.
എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സ് പഠിക്കുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാകൾക്ക് നിർദ്ദേശങ്ങൾ നൽകും. പഞ്ചായത്തിലെ മുഴുവൻ വാർഡുകളെയും അഞ്ച് മേഖലകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വാർഡ് മെമ്പർ ചെയർമാനായി രൂപം നൽകുന്ന സമിതിക്ക് കീഴിൽ പേരുകൾ രജിസ്റ്റർ ചെയ്ത് വിദ്യാർത്ഥികൾക്ക് പദ്ധതിയിലൂടെ 2000 ത്തോളം സ്‌കോളർഷിപ്പുകളെ പരിചയപ്പെടാം. സെന്റർ ഫോർ ഇൻഫെർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ (സി.ഐ.ജി.ഐ) യുടെ സഹകരണത്തോടെയാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.
പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം ആലുങ്ങൽ കനിവ് ഓഡിറ്റോറിയത്തിൽ വച്ച് അഡ്വ. എൻ.ഷംസുദ്ദീൻ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ റഷീദ് ആലായൻ സ്വാഗതം പറഞ്ഞു. എൻ.പി മുഹമ്മദ് റാഫി, ഷഫീഖ് വയനാട് എന്നിവർ സെമിനാർ നടത്തി. ചടങ്ങിൽ മൻസൂർ അലി കാപ്പുങ്ങൽ, പി.പി.എച്ച് ഗ്രൂപ്പ്, കനിവ് കർക്കിടാംകുന്ന് എന്നിവരെ ആദരിച്ചു. ടി.അഫ്‌സറ, കെ.രാധാകൃഷ്ണൻ, കെ.സീനത്ത്, എം.മെഹർബാൻ, എം.ഷൈലജ, മഠത്തൊടി റഹ്മത്ത്, സി.മുഹമ്മദാലി എന്നിവർ സംസാരിച്ചു.
ഫോട്ടോ: അലനല്ലൂർ പഞ്ചായത്തിന്റെ സമ്പൂർണ സ്‌കോളർഷിപ്പ് ബോധവത്കരണ സെമിനാറിൽ നിന്ന്