മണ്ണാർക്കാട്: ജനപ്രതിനിധികൾ തമ്മിലുള്ള തർക്കത്തിന് താത്കാലിക പരിഹാരമായതോടെ നായാടിക്കുന്ന് റോഡിനും ശനിദശമാറി. റോഡ് നവീകരണ പ്രവർത്തികൾക്ക് ഇന്നലെ തുടക്കമായി. എത്രയുംവേഗം റോഡ് നവീകരണം പൂർത്തിയാക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയതായി നഗരസഭ അധ്യക്ഷ എം.കെ.സുബൈദ അറിയിച്ചു. റോഡ് നവീകരണം നടക്കുന്നതിനാൽ പള്ളിപ്പടി - നായാടിക്കുന്ന് റോഡിൽ ഗതാഗതം നരോധിച്ചിട്ടുണ്ട്.
സ്ഥലം നൽകി കല്ലടി കുടുംബം
നായാടിക്കുന്ന് റോഡിന്റെ തുടക്കത്തിലെ വളവ് ഗതാഗതത്തിന് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായുള്ള ആക്ഷേപത്തിൽ വളവ് നിവർത്താനായി സ്ഥലംവിട്ടു നൽകി കല്ലടി കുടുംബം മാതൃകയായി. റോഡ് നവീകരണവുമായി ബന്ധപ്പെട്ട് നഗരസഭ അധ്യക്ഷ എം.കെ.സുബൈദയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ കല്ലടി കുടുംബാംഗമായ മുതവല്ലി കെ.പി.കുഞ്ഞുമോനെ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചതിനെ തുടർന്നാണ് സ്ഥലം നൽകിയത്. ഇതോടെ പള്ളിപ്പടി - നായാടിക്കുന്ന് റോഡിലെ ഗതാഗതം സുഗമമാകുമെന്ന് അധികൃതരും പ്രതികരിച്ചു.