 കാർഷിക സർവകലാശാല വിദഗ്ധർ പരിശോധന നടത്തി

കൊല്ലങ്കോട്: നെന്മാറ കൃഷിഭവൻ പരിധിയിലെ അകമ്പാടം പാടശേഖരത്തിൽ ചിലന്തി മണ്ഡരിയുടെ ആക്രമണം രൂക്ഷം, കർഷകർ ആശങ്കയിൽ. കാലാവസ്ഥ വ്യതിയാനമാണ് മണ്ഡരിയുടെ ആക്രമണത്തിന് കാരണം. ഇടവിട്ടുള്ള മഴയും ശക്തമായ വെയിലും കാറ്റും ഇവയുടെ വ്യാപനത്തിനും പ്രജനനത്തിനും അനുകൂല ഘടകമാണ്.

രോഗം രൂക്ഷമായ നെൽപ്പാടങ്ങളിൽ കാർഷിക സർവകലാശാലയിലെ വിദഗ്ധ സംഘമെത്തി പരിശോധന നടത്തി. നെമ്മാറ വിള ആരോഗ്യ കേന്ദ്രത്തിന്റെ ആഭ്യമുഖ്യത്തിൽ നെന്മാറ കൃഷി ഓഫീസർ വരുൺ, കൃഷി അസിസ്റ്റന്റ് വിനീത് കൃഷ്ണൻ, സുനിത, ജിജി, ഫീൽഡ് അസിസ്റ്റന്റ് അജ്മൽ എന്നിവരും കാർഷിക സർവകലാശാല വിദഗ്ധരോടൊപ്പം ഉണ്ടായിരുന്നു.


രോഗ ലക്ഷണങ്ങൾ


 മണ്ഡരികൾ ഓലകളുടെ താഴെ തിങ്ങിനിന്ന് നീരൂറ്റുന്നതിനാൽ ഓലയുടെ പച്ചപ്പ് നഷ്ടപ്പെട്ട് നെൽപ്പാടം മുഴുവനും നരച്ചപോലെ കാണപ്പെടും

 ആക്രമണം കാണപ്പെട്ട ഓലകൾ നിരീക്ഷിച്ചാൽ കീടത്തിന്റെ ചലനംകാണാം
 ഓലകളുടെ മുകളിൽ വെള്ളക്കുത്തുകളുണ്ടാകും
 ചിലന്തി മണ്ഡരികൾ മറ്റു കീടങ്ങളെപോലെ പറക്കാൻ കഴിവുള്ളവയല്ല, ഇവ ചിലന്തിപോലെ വല നെയ്താണ് ഒരു ചെടിയിൽ നിന്ന് മറ്റുള്ളവയിലേക്കു വ്യാപിക്കുന്നത്.

 തിങ്ങിയുള്ള വിതയും നടീലിലും ആക്രമണം കൂടുതലായിരിക്കും. ക്രമേണ ഇലകൾ മഞ്ഞളിച്ച് കരിയും

നിയന്ത്രണ മാർഗങ്ങൾ
 കളകളുടെ നിയന്ത്രണമാണ് ആദ്യം ചെയ്യേണ്ടത്
 നാലു ഗ്രാം സൾഫർ ഒരുലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക.
 സ്‌പൈറോ മെസിഫിൻ എട്ടു മില്ലീ ലിറ്റർ പത്തു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക
 ഫെനസാക്വിൻ 2 മുതൽ 2.5 മി.ലി വരെ ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തളിക്കുക
 കീടത്തിന്റെ ആക്രമണം നിയന്ത്രണവിധേയമായതിനു ശേഷം നൈട്രജൻ വളങ്ങൾ നൽകാം