നെന്മാറ: മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാത വികസിപ്പിച്ച് വടക്കഞ്ചേരി - പൊള്ളാച്ചി ദേശീയപാതയാക്കുന്നതിനുള്ള പ്രാഥമിക സർവേ പൂർത്തിയായി. നാലുവരി പാതയായി വികസിപ്പിക്കുന്നതിന് ആവശ്യമായ സർവേ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കിറ്റ്‌കോ (കേരള ഇൻഡസ്ട്രിൽ ആന്റ് ടെക്‌നിക്കൽ കൺസൽട്ടൻസി ഓർഗനൈസേഷൻ ലിമിറ്റഡ്)യാണ് നടത്തിയത്.
വടക്കഞ്ചേരി മുതൽ ഗോവിന്ദാപുരം വരെയുള്ള 40 കിലോമീറ്ററും തമിഴ്‌നാടിന്റെ ഭാഗമായുള്ള ഗോവിന്ദാപുരം മുതൽ പൊള്ളാച്ചിവരെയുള്ള 23 കിലോമീറ്ററും ചേർത്ത് 63 കിലോമീറ്റർ ദൂരത്തിലാണ് ദേശീയപാതയൊരുക്കുന്നത്. വിനോദസഞ്ചാര മേഖലകളെയും തീർത്ഥാടന കേന്ദ്രങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയായി ഇതിനെ ഉയർത്തും. 2018 മെയ് പത്തിന് ദേശീയപാതാ മന്ത്രാലയം ദേശീയപാത നിർമ്മാണത്തിന് ചുരുങ്ങിയ വീതി 45 മീറ്ററായി നിർദ്ദേശിച്ചിരുന്നു. ഈ പാതയിലൂടെ പ്രതിദിനം കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം 7000 മുതൽ 9200 വരെയാണെന്നാണ് സർവേയിൽ കണ്ടെത്തിയിരുന്നത്. എന്നാൽ, ഹൈവേ മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം 5000ത്തിന് മുകളിൽ വാഹനങ്ങൾ കടന്നുപോകുന്ന പാത ദേശീയപാതായി ഉയർത്തുമ്പോൾ 25 - 30 വർഷത്തെ വികസനം മുൻകൂട്ടി കണ്ടുവേണം സ്ഥലം ഏറ്റെടുക്കാനെന്ന് നിർദ്ദേശമുണ്ട്. ഇതിന്റെ ഭാഗമായി വീണ്ടും സർവേ നടത്തിയാണ് പ്രൊജക്ട് റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
പാത വികസിപ്പിക്കുമ്പോൾ ഏതുവഴികളിലൂടെ കടന്നുപോകുന്നുവെന്നും എത്ര വീതിയിൽ വികസിപ്പിക്കുമെന്നുമുള്ള അലൈമെന്റ് ദേശീയപാതാ അതോറിറ്റിയുടെ അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്. അംഗീകാരം ലഭിച്ച് സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി ലഭിക്കുന്ന മുറയ്ക്ക് നടപടി ആരംഭിക്കുമെന്ന് മലപ്പുറം എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം പി.ഡബ്ല്യുയു.ഡി എൻ.എച്ച് ഡിവിഷൻ അറിയിച്ചു.