പഞ്ചായത്ത് സെക്രട്ടറിയുടെ ഒഴിവ് നികത്താത്തത് ജനങ്ങൾക്ക് നൽകേണ്ട സേവനങ്ങളെ ബാധിക്കുന്നു
ചിറ്റൂർ: സ്ഥിരം സെക്രട്ടറിയുടെ അഭാവം വടകരപ്പതി പഞ്ചായത്തിന്റെ പ്രവർത്തനം താളംതെറ്റിക്കുന്നു. ദിവസവും വിവിധ ആവശ്യങ്ങളുമായെത്തുന്ന നൂറുകണക്കിന് ആളുകൾ സേവനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട അവസ്ഥയിലാണ്. താൽകാലികമായി പകരം ചുമതല നൽകിയ നല്ലേപ്പിള്ളി പഞ്ചായത്ത്സെക്രട്ടറിക്ക് ഈ ഓഫീസിലെത്താൻ കഴിയാത്തതും പ്രതിസന്ധി രൂക്ഷമാക്കിയതായി പഞ്ചായത്ത് ഭരണസമിതി പറയുന്നു.
സെക്രട്ടറിയുടെ തസ്തിക ഒഴിഞ്ഞുകിടക്കുന്നതിനാൽ ഓണർഷിപ്പ്, ജനന - മരണ സർട്ടിഫിക്കറ്റുകൾ, കെട്ടിട പെർമിറ്റ് തുടങ്ങി വിവിധ സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. പഞ്ചായത്തിൽ മുമ്പ് ഉണ്ടായിരുന്ന സെക്രട്ടറി ജൂലൈ 31നാണ് വിരമിച്ചത്. വിരമിക്കുന്നതിന് രണ്ടാഴ്ച മുമ്പ് തന്നെ അദ്ദേഹം അവധിയിൽ പ്രവേശിച്ചിരുന്നു. തുടർന്നാണ് വടകരപ്പതി പഞ്ചായത്തിന്റെ അധിക ചുമതല നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് നൽകിയത്.
ഒട്ടേറെ ജോലികളുള്ള സെക്രട്ടറിക്ക് രണ്ട് പഞ്ചായത്തിന്റെ കാര്യങ്ങൾ നോക്കാൻ കഴിയില്ലെന്നും അതുകൊണ്ട് പുതിയ സെക്രട്ടറിയെ നിയമിക്കണമെന്ന് ആശ്യപ്പെട്ട് വടകരപ്പതി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറെ സമീപിച്ചിരുന്നു. എന്നാൽ, ഇതുവരെ നടപടി ഉണ്ടായിട്ടില്ല. അടിയന്തരമായിസ്ഥിരം സെക്രട്ടറിയെ നിയമിക്കണമെന്നാണ് ജനങ്ങളുടെയും ആവശ്യം.
അത്യാവശ്യമുള്ള ഫയലുകളെല്ലാം പരിശോധിക്കുന്നുണ്ട്
നല്ലേപ്പിള്ളി പോലുള്ള വലിയ പഞ്ചായത്തിലെ ഫയലുകൾ നോക്കാൻതന്നെ സമയം തികയുന്നില്ല. ഇതിനിടെ വടകരപ്പതിയിലേക്ക് എല്ലാ ദിവസവും എത്തിചേരുക സാദ്ധ്യമല്ല. എങ്കിലും അത്യാവശ്യ ഫയലുകൾ പരിശോധിച്ച് നൽകുന്നുണ്ട്.
എം.സുരേഷ്, സെക്രട്ടറി, നല്ലേപ്പിള്ളി പഞ്ചായത്ത്