ചിറ്റൂർ: മീനാക്ഷിപുരം എക്‌സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥർ നടത്തിയ വാഹന പരിശോധനയിൽ കെ.എസ്.ആർ.ടി.സിയിൽ കടത്തിയ രണ്ടുകിലോ കഞ്ചാവ് പിടികൂടി. സംഭവത്തിൽ തൃശൂർ അയ്യന്തോൾ സ്വദേശി അനന്തു (23)നെ അറസ്റ്റുചെയ്തു. പഴണിക്ക് സമീപം വെത്തലക്കുണ്ടിൽ നിന്നും വാങ്ങിയ കഞ്ചാവ് തൃശൂരിൽ ചില്ലറ വില്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്ന് പ്രതി ഉദ്യോഗസ്ഥരോട് പറഞ്ഞു.

ഇതിനു മുമ്പു അനന്തുവിനെ കഞ്ചാവുമായി തൃശൂർ എക്‌സൈസ് പിടികൂടിയിട്ടുണ്ട്. പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷ്ണർ വി.പി.സുലേഷ്‌കുമാറിന്റെ നിർദ്ദേശപ്രകാരം ഓണം സ്‌പെഷ്യൽ ഡ്രൈവിന് മുന്നോടിയായി നടന്നുവരുന്ന ഓപ്പറേഷൻ മൺസൂണിന്റ ഭാഗമായി 145. കി.ഗ്രാം കഞ്ചാവ് ജൂലായിൽ മാത്രം പിടിച്ചതായി അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കും.

മീനാക്ഷിപുരം എക്‌സൈസ് ഇൻസ്‌പെപെക്ടർ എസ്.ഷാജിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ ആർ.സന്തോഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ കെ.പ്രസാദ്, എ.എസ്.സൂരജ് എന്നിവർ പങ്കെടുത്തു.