പാലക്കാട്: എക്‌സൈസ് ഇന്റലിജൻസ് ബ്യൂറോ, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡും സംയുക്തമായി മേനോൻപാറ കഞ്ചിക്കോട് ഭാഗത്തു നടത്തിയ വാഹന പരിശോധനയിൽ ഹോണ്ട സിറ്റി കാറിൽ കടത്തിയ നാലുകിലോ കഞ്ചാവുമായി വിദ്യാർത്ഥികൾ പിടിയിൽ. കോയമ്പത്തൂർ സ്വദേശി നാഗാർജ്ജുൻ (22), ഈറോഡ് സ്വദേശി അരുൺ കുമാർ (22) എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് കടത്തിയ കാറും കസ്റ്റഡിയിലെടുത്തു.
പാലക്കാട് ഐ.ബിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ മേനോൻപാറ കഞ്ചിക്കോട് റോഡിലുള്ള കിൻഫ്ര പാർക്കിനു മുൻവശം വാഹന പരിശോധന നടത്തിയതിനാലാണ് കഞ്ചാവ് പിടികൂടിയത്. വാളയാർ വഴി പരിശോധന ശക്തമാക്കിയതിന്റെ അടിസ്ഥാനത്തിൽ ഊടു വഴികളിലൂടെ വന്ന വാഹനമാണ് പിടികൂടിയത്. കേസിൽ ഉൾപ്പെട്ട രണ്ടുപേരും കോളേജ് വിദ്യാർത്ഥികളാണ്.
പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി.രാജീവ്, എം.റിയാസ്, പ്രിവന്റീവ് ഓഫീസർമാരായ സെന്തിൽ കുമാർ, എം.യൂനസ്, സജിത്ത്, സിവിൽ ഓഫീസർമാരായ വൈശാഖ്, ജോൺസൺ, ഷിനോജ്, ശ്രീകുമാർ, ഡ്രൈവർ സത്താർ എന്നിവർ പങ്കെടുത്തു.