പാലക്കാട്: കേരള സ്റ്റേറ്റ് എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ 40-ാമത് സംസ്ഥാന സമ്മേളനനത്തിന്റെ സമാപന സമ്മേളനം കെ.വി.വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പി.ഡി.കലേഷ്, പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.പി.സുലേഷ്‌കുമാർ, കെ.എസ്.ഇ.എസ്.എ സംസ്ഥാന ട്രഷറർ കെ.സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. സെൻട്രൽ പൊലീസ് കാന്റീൻ സൗകര്യം എക്‌സൈസ് ജീവനക്കാർക്കും അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, 27 വർഷം സർവീസ് പൂർത്തിയാക്കുന്ന ജീവനക്കാർക്ക് സമയബന്ധിത നാലാംഗ്രേഡ് അനുവദിക്കുക എന്നീ പ്രമേയങ്ങൾ ചർച്ച ചെയ്തു. സംഘടനാ തിരഞ്ഞെടുപ്പിൽ പുതിയ ഭാരവാഹികളായി കെ.രമേഷ് (പ്രസിഡന്റ്), കെ.രാമകൃഷ്ണൻ (ജനറൽ സെക്രട്ടറി) കെ.സന്തോഷ് കുമാർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.