മണ്ണാർക്കാട്: ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിലവിൽ അഴുക്കുചാൽ നിർമ്മാണം നടക്കുന്ന മുൻസിപ്പൽ ബസ് സ്റ്റാന്റിന് മുൻവശത്തെ കെട്ടിടം പൊളിച്ചുതുടങ്ങി. ഗ്രീൻ ബേക്കറിയും റസ്റ്റോറന്റും ഉൾപ്പെടുന്ന ചെമ്പലങ്ങാടൻ പ്ലാസയുടെ മുൻഭാഗമാണ് പൊളിക്കുന്നത്.
എൻ.ഷംസുദ്ദീൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയുടെ തീരുമാനപ്രകാരം ഈ ഭാഗത്ത് റോഡ് നവീകരണത്തിനായി 13.5 മീറ്റർ വീതി എന്ന രീതിയിൽ മാർക്ക് ചെയ്തിരുന്നു. ഇതനുസരിച്ചാണ് കെട്ടിടത്തിന്റെ മുൻഭാഗം പൊളിച്ച് മാറ്റുന്നത്. പള്ളിപ്പടി ഭാഗത്ത് നിന്നും പുനരാരംഭിച്ച അഴുക്കുചാൽ നിർമ്മാണം സ്റ്റാന്റിന് മുന്നിലെത്തിയിട്ടും കെട്ടിടം പൊളിക്കാൻ തയ്യാറാവുന്നില്ലെന്ന വാർത്ത കഴിഞ്ഞ ദിവസം 'കേരളകൗമുദി ' പ്രസിദ്ധീകരിച്ചിരുന്നു.
എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലെ തീരുമാനം തങ്ങൾ അംഗീകരിച്ചതാണെന്നും ജോലിക്കാരെ കിട്ടാത്തതായിരുന്നു കെട്ടിടം പൊളിക്കുന്നതിന് കാലതാമസമുണ്ടായതെന്ന് കെട്ടിട ഉടമസ്ഥനായ സാലി പറഞ്ഞു.