ആലത്തൂർ: അമിത വേഗതയിൽ വന്ന കാറിടിച്ച് വഴിയാത്രികൻ മരിച്ചു. കാറിലുണ്ടായിരുന്ന നാലുപേർക്ക് പരിക്കേ​റ്റു. ഇരട്ടക്കുളം കുറുവട്ട കണ്ടുണ്ണി മകൻ ശിവരാമൻ (51) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന തൃശ്ശൂർ പെരിങ്ങാവ് ഇമ്മട്ടി വീട്ടിൽ ഡയസ് (50), ഭാര്യ പ്രിയ, മക്കളായ റൈഫൽ, ജോയൽ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഞായറാഴ്ച വൈകീട്ട് നാലോടെയാണ് അപകടം. വീട്ടിൽ നിന്നും ചീകോടിലേക്ക് ചായ കുടിക്കാൻ നടന്നു പോവുകയായിരുന്ന ശിവരാമനെ ദേശീയപാത അഭയ ജംഗ്ഷനു സമീപത്തുവച്ച് പാലക്കാട്ടേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രംവിട്ട കാർ 100 മീ​റ്റർ ദൂരം ഇയാളെയും വലിച്ചിഴച്ചുപോയി സമീപത്തെ പാടത്ത് മറിഞ്ഞാണ് നിന്നത്. മൃതദേഹം ആലത്തൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ് മോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നെന്മാറ വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിക്കും.

ഭാര്യ: സുനിത. മക്കൾ: ആതിര, അജിത്ത്. മരുമകൻ: ശശികുമാർ.