പാലക്കാട്: കല്ലേക്കാട് എ.ആർ ക്യാമ്പിലെ പൊലീസുദ്യോഗസ്ഥൻ കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി പട്ടികവർഗ കമ്മിഷൻ ഒറ്റപ്പാലം തോട്ടക്കരയിലെ കുമാറിന്റെ ബന്ധുവീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുത്തു. അടി പേടിച്ചാണ് കുമാർ അനുമതിയില്ലാതെ അവധിയെടുത്തത് എന്ന് ഭാര്യ സജിനി കമ്മിഷൻ അംഗം എസ്.അജയകുമാറിനോട് പറഞ്ഞു.
രണ്ടര മാസത്തോളം മൊബൈൽ ഫോൺ പിടിച്ചുവച്ചു. ജാതീയമായ അധിക്ഷേപത്തിന് പുറമേ മർദ്ദനമേറ്റിരുന്നു. കൊലപാതകമാണെന്നും സംശയിക്കുന്നുണ്ട്. ക്വാർട്ടേഴ്‌സിൽ നിന്നും ഇറക്കിവിട്ടതുൾപ്പെടെ വലിയ മാനസിക പീഡനം ക്യാമ്പിൽ അനുഭവിച്ചതായും പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസക്കുറവുള്ളതിനാലാണ് ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതെന്നും സജിനി കമ്മിഷനോട് വ്യക്തമാക്കി.
കൊലപാതകമാണെന്ന പരാതിയിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി എന്നിവർക്ക് പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് സജിനി പട്ടികജാതി പട്ടിക വർഗ കമ്മിഷന് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കമ്മിഷൻ അംഗം എസ്.അജയകുമാർ ഇന്നലെ മൊഴിയെടുക്കാനെത്തിയത്. ജൂലായ് 25നാണ് കുമാറിനെ ലക്കിടിക്ക് സമീപം തീവണ്ടിപ്പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഏഴ് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി കഴിഞ്ഞദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.