നാലു ദിവസത്തിനിടെ പിടികൂടിയത് 21.44 കിലോ കഞ്ചാവ്
പാലക്കാട്: അതിർത്തി പ്രദേശങ്ങളിൽ ഉൾപ്പെടെ പരിശോധനകൾ കർശനമാക്കിയിട്ടും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള കഞ്ചാവിന്റെ ഒഴുക്ക് വർദ്ധിക്കുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. ഈ മാസത്തെ ആദ്യ നാല് ദിവസത്തിനിടെ മാത്രം ജില്ലയിലെ വിവിധയിടങ്ങളിൽ നിന്ന് പിടികൂടിയത് 21.44 കിലോ കഞ്ചാവാണ്.
വടക്കേ ഇന്ത്യയിലെ ജാർഖണ്ഡ്, ഒറീസ എന്നിവിടങ്ങളിൽ കഞ്ചാവ് സീസൺ ആരംഭിച്ചതാണ് സംസ്ഥാനത്തേക്ക് കഞ്ചാവ് ഒഴുകാൻ കാരണം. കൂടാതെ കേരളത്തിൽ ഓണം സീസണായതിനാൽ അയൽ സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് വരവ് വ്യാപകമായിട്ടുണ്ട്. ഇതോടെ എക്‌സൈസ് വകുപ്പിന്റെ പരിശോധനയും കർശനമാക്കിയതായി അധികൃതർ പറഞ്ഞു.
പാലക്കാട് ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.പി.സുലേഷ് കുമാറിന്റെ നിർദ്ദേശപ്രകാരം ഓണം സ്‌പെഷ്യൽ ഡ്രൈവിന് മുന്നോടിയായി 'ഓപ്പറേഷൻ മൺസൂൺ' പരിശോധനയും ശക്തമാണ്. ഇതിന്റെ ഭാഗമായി ജൂലായിൽ മാത്രം 138.921 കിലോ കഞ്ചാവാണ് ജില്ലയിൽ പിടിച്ചത്. വടക്കേ ഇന്ത്യയിൽ നിന്ന് വാങ്ങുന്ന കഞ്ചാവ് പരിശോധനകളുടെ അഭാവംമൂലം തമിഴ്നാട് അതിർത്തിയിലേക്ക് എത്തിക്കാൻ ലഹരിമാഫിയക്ക് സാധിക്കുന്നു. തമിഴ്നാട്ടിലെ പഴനി, പൊള്ളാച്ചി, മധുരൈ എന്നിവിടങ്ങളിലെ ഡീലർമാർവഴിയാണ് സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്നത്. കേരളത്തിൽ പരിശോധനകൾ കർശനമായതിനാലാണ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ജൂലായിലെ കണക്കുകൾ
കഞ്ചാവ്- 138.921 കിലോ
ഹാഷിഷ്- 24.012 ലിറ്റർ
നിരോധിത മരുന്നുകൾ- 30 എണ്ണം
പുകയില- 601 കിലോ
ബീർ- 10 ലിറ്റർ
കള്ള്- 370 ലിറ്റർ
വിദേശമദ്യം- 261.3 ലിറ്റർ
വാഷ്- 1856 ലിറ്റർ
കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത അബ്കാരി കേസ്- 98, അറസ്റ്റ്- 73
കഴിഞ്ഞ മാസം രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസ്- 79, അറസ്റ്റ്- 80
ബസുകളിൽ കഞ്ചാവ് കടത്തുന്നത് കുറവാണ്. കാറും ബൈക്കുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. മറ്റു സംസ്ഥാനങ്ങളെ പോലെ പരിശോധന കുറവായിരിക്കുമെന്ന ധാരണയിലാണ് പലരും കേരളത്തിലേക്ക് എത്തുന്നത്.
കെ.ആർ.അജിത്, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ