അലനല്ലൂർ: ഒരിടവേളയ്ക്ക് ശേഷം മഴയും ശക്തമായ കാറ്റും വീശിയടിച്ചപ്പോൾ അലനല്ലൂർ ആടിയുലഞ്ഞു. ഞായർ രാത്രി മുതൽ ആരംഭിച്ച ശക്തമായ മഴയിലും കാറ്റിലും പലയിടത്തും വൈദ്യുതി കമ്പികൾക്ക് മുകളിൽ മരം പൊട്ടിവീണു. അലനല്ലൂർ ഗവ. സ്‌കൂളിന് സമീപം പാതയോരത്തെ വാകമരത്തിന്റെ കൊമ്പുകൾ പൊട്ടി വീണത് വട്ടമ്പലത്ത് നിന്നുള്ള അഗ്‌നിശമനസേനയും അലനല്ലൂർ കെ.എസ്.ഇ.ബി തൊഴിലാളികളും ചേർന്നാണ് മുറിച്ചു മാറ്റിയത്. മരംവിണതിനെ തുടർന്ന് ഹൈസ്‌കൂൾ, കൂമഞ്ചിറ, തിരുവിഴാംകുന്ന് ഭാഗത്തേക്കുള്ള റോഡിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു. പിന്നീട് പത്തോടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 മുണ്ടക്കുന്നിൽ വീടിന്റെ ചുറ്റുമതിൽ തകർന്നു
അലനല്ലൂർ: ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്നു ഇന്നലെ പുലർച്ചെയാണ് മുണ്ടക്കുന്ന് പള്ളിക്ക് സമീപം തെക്കുംപറയൻ അബ്ദുൽസമദിന്റെ വീടിന്റെ സംരക്ഷണഭിത്തി തകർന്നത്. മതിൽ തകർന്ന് സമീപത്ത് താമസിക്കുന്ന തെക്കും പറയൻ ഷൗക്കത്തിന്റെ വിറക്പുരയിലേക്ക് വീണതിനാൽ ചെറിയ നാശനഷ്ടമുണ്ടായി.

 കണ്ണംകുണ്ട് കോസ് വേ വെള്ളത്തിനടിയിൽ
അലനല്ലൂർ: ഞായറാഴ്ച തുടങ്ങിയ മഴ തുടർച്ചയായി പെയ്തതോടെ അലനല്ലൂർ കണ്ണംകുണ്ടിൽ വെള്ളിയാർ പുഴയ്ക്കു കുറുകെയുള്ള കോസ് വെ വെള്ളത്തിനടിയിലായി. പുഴയിൽ നീരൊഴുക്ക് കൂടുന്നതുകാരണം ഇതുവഴിയുള്ള ഗതാഗതം നിറുത്തലാക്കിയിരുന്നു. മരത്തടികളും മറ്റും മലവെള്ളപ്പാച്ചിലിൽ കോസ് വെയിൽ വന്നടിഞ്ഞിട്ടുണ്ട്. മഴ കനക്കുമ്പോൾ കണ്ണംകുണ്ടിലെ കോസ് വെ വെള്ളത്തിലാകുന്നത് സ്ഥിരം കാഴ്ചയാണ്. വിദ്യാർത്ഥികൾ ഉൾപ്പടെ പുഴയുടെ വടക്കുള്ളവർക്ക് അലനല്ലൂരിലെത്താൻ ചുരുങ്ങിയത് പതിനഞ്ച് കിലോമീറ്ററെങ്കിലും സഞ്ചരിക്കേണ്ട അവസ്ഥയാണ്.

എടത്തനാട്ടുകര, ചുണ്ടോട്ടുകുന്ന്, കൊട്ടിയംകുന്ന്, മുറിയക്കണ്ണി ഭാഗങ്ങളിലുള്ളവരാണ് കോസ് വെ മൂടുമ്പോൾ കഷ്ടത്തിലാകുന്നത്. കണ്ണംകുണ്ടിൽ പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ടെങ്കിലും മാറിവരുന്ന സർക്കാരുകളൊന്നും പരിഗണിക്കാറില്ല. ജനപ്രതിനിധികളും അലനല്ലൂരിലെ രാഷ്ട്രീയ പാർട്ടികളും പാലത്തിനായി ഇടപെടൽ നടത്തുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. കഴിഞ്ഞദിവസം രാത്രി തുടങ്ങിയ മഴ തിങ്കൾ വൈകീട്ടോടെ കുറഞ്ഞിട്ടുണ്ട്.

ചിത്രം: ഇന്നലെ പെയ്ത കനത്ത മഴയിൽ അലനല്ലൂർ കണ്ണംകുണ്ടിൽ വെള്ളിയാർ പുഴയിലെ കോസ് വെ വെള്ളത്തിനടിയിൽ ആയപ്പോൾ.

ചിത്രം:അലനല്ലൂർ മുണ്ടക്കുന്നിൽ ശക്തമായ മഴയിൽ വീടിന്റെ സംരക്ഷണഭിത്തി തകർന്ന നിലയിൽ