വടക്കഞ്ചേരി: ഹയർസെക്കൻഡറിയിൽ പഠിക്കുന്ന വിദ്യാർത്ഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കിഴക്കഞ്ചേരി ഇളവംപാടം തച്ചക്കോട് വനോദ് (27) നെയാണ് വടക്കഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്. സംഭവത്തിൽ കിഴക്കഞ്ചേരി ഇളവം പാടം തച്ചക്കോട് രതീഷ് (33), ഇളവംപാടം ചെറുകുന്നം മുഴിവിളയിൽ വീട്ടിൽ ജറ്റോ പീറ്റർ (29) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു.

രതീഷിനും, ജറ്റോ പീറ്ററിനും പീഡനത്തിനുള്ള സൗകര്യം ചെയ്ത് കൊടുത്തതിനാണ് വനോദ് അറസ്റ്റിലായത്. എന്നാൽ ഇയാൾക്ക് പീഡനത്തിൽ പങ്കില്ലെന്ന് ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികളെ രതീഷ് വാടകയ്ക്ക് താമസിക്കുന്ന അഞ്ചുമൂർത്തി മംഗലം, മൂച്ചി തൊടിയിലെ വീട്ടിൽവച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം നാട്ടുകാരുടെ മർദ്ദനത്തിന് ഇരയായി ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷിനെയും ജറ്റോയേയും പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ആലത്തൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. മൂന്ന് പ്രതികളെയും14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെയും വടക്കഞ്ചേരി സി.ഐ ബി.സന്തോഷിന്റെയും നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുകയാണ്.