പട്ടാമ്പി: വാടാനാംകുറുശ്ശി റെയിൽവേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റടുപ്പിന്റെ ഭാഗമായി സാമൂഹിക പ്രത്യാഘാത സമിതിയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഏഴംഗ സമിതിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. തുടർന്ന് പഞ്ചായത്ത് ഓഫീസിൽ യോഗവും ചേർന്നു. പഞ്ചായത്ത് പ്രസിഡന്റ് ജിഷാർ പറമ്പിൽ അധ്യക്ഷനായുള്ള സമിതിയിലെ പ്രൊജക്ട് ചെയർമാൻ മുഹമ്മദ് അസിം, എ.ഉണ്ണികൃഷ്ണൻ, വിജയകുമാർ എന്നിവരടങ്ങുന്ന എഴംഗ സമതിയാണ് പരിശോധന നടത്തിയത്.

പട്ടാമ്പി - പാലക്കാട് പാതയിലെ ഓങ്ങല്ലൂർ, വാടാനാംകുറുശ്ശി റെയിൽവെ ഗേറ്റിലാണ് മേൽപാലം നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. സംസ്ഥാന സർക്കാർ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് കിഫ്ബി അനുമതി നൽകിയിട്ടുണ്ട്. മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറുടെ സാന്നിധ്യത്തിൽ രൂപീകരിച്ചതാണ് സാമൂഹിക പ്രത്യാഘാത സമിതി. മേൽപാലത്തിനായ് സ്ഥലമേറ്റടുക്കുമ്പോൾ ഉണ്ടാവുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ പഠിക്കാനായാണ് സമിതി പരിശോധന നടത്തുന്നത്. സമിതി അംഗങ്ങൾ പ്രദേശത്തെ ആളുകലെ നേരിൽകണ്ട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കി. ഈ പഠനങ്ങൾ പൂർത്തിയാവുന്നതോടെ സ്ഥലമേറ്റടുപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കുമെന്ന് സമിതി വ്യക്തമാക്കി.