വടക്കഞ്ചേരി: കിഴക്കഞ്ചേരി, മംഗലംഡാം മലയോരത്ത് ജനവാസ കേന്ദ്രങ്ങളിൽ വന്യജീവി ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് വടക്കഞ്ചേരി, മംഗലംഡാം ഫോറോന സമിതികളുടെ നേതൃത്വത്തിൽ 31ന് നെന്മാറ ഡി.എഫ്.ഒ ഓഫിസിലേക്ക് മാർച്ച് നടത്തും.
വടക്കഞ്ചേരിയിൽ നടന്ന സമരസമിതി യോഗം ഫൊറോന ഡയറക്ടർ ഫാ. ജെയ്‌സൺ കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ടോമി ഈരോരിക്കൽ അധ്യക്ഷത വഹിച്ചു. കൺവീനർ ജിജോ അറയ്ക്കൽ, രൂപത സെക്രട്ടറി ജോസ്.വി.ജോർജ്, ജെയിംസ് പാറയിൽ, മനോജ് പാലപറമ്പിൽ, വിൽസൺ കണ്ണാടൻ, ബിനു മൂലംപള്ളി, സേവ്യർ കലങ്ങോട്ടിൽ, ദീപ ബൈജു, അച്ചാമ്മ ജോസഫ് എന്നിവർ പ്രസംഗിച്ചു.
ഈ ആഴ്ച മുതൽ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ നടത്തും. വനംമന്ത്രിക്കും സ്ഥലം എം.എൽ.എക്കും എം.പിക്കും നിവേദനങ്ങൾ നൽകുമെന്നും നടപടി ഉണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സമരസമിതി ഭാരവാഹികൾ അറിയിച്ചു.