വടക്കഞ്ചേരി: ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് റിസ്‌ക്ക് ഫണ്ട് വിതരണം ചെയ്തു. 2019-20 സാമ്പത്തിക വർഷത്തിൽ ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വഴി നടപ്പിലാക്കുന്ന ജൈവ വിപണ കേന്ദ്രത്തിലും ഇക്കോ ഷോപ്പുകളിലും ഗുണമേന്മയുള്ള നാടൻ പച്ചക്കറികൾ എത്തിച്ചു നല്കുന്ന കർഷകരുടെ ഉല്പന്നങ്ങൾക്ക് കിലോക്ക് രണ്ടുരൂപ നിരക്കിലാണ് റിസ്‌ക്ക് ഫണ്ട് വിതരണം ചെയ്തത്. ആലത്തൂർ ബ്ലോക്കിന് കീഴിലെ വടക്കഞ്ചേരി, പുതുക്കോട് ,തരൂർ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ഇക്കോ ഷോപ്പുകളിലും വടക്കഞ്ചേരി ജൈവ കാർഷിക വിപണന കേന്ദ്രത്തിലും പച്ചക്കറികൾ എത്തിക്കുന്ന നൂറോളം കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. പ്രസ്തുത പദ്ധതിക്കും വിപണന ശൃംഖലക്കുമായി പത്ത് ലക്ഷം രൂപയാണ് ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ഡിസംബർ മുതൽ മാർച്ച് വരെ വിപണനം നടത്തിയ 60 കർഷകർക്കാണ് തുക വിതരണം ചെയ്തത്. പൊതു വിപണിയെക്കാൾ അമ്പത് ശതമാനം വരെ വില വർദ്ധന വിലാണ് കർഷകരിൽ നിന്നും നാടൻ പച്ചക്കറികൾ സംഭരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 100 മെട്രിക് ടൺ പച്ചക്കറികൾ 19.76 ലക്ഷം രൂപക്ക് വിറ്റഴിക്കാൻ സാധിച്ചിട്ടുണ്ട്.
റിസ്‌ക്ക് ഫണ്ടിന്റെ വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ചാമുണ്ണി ഉദ്ഘാടനം ചെയ്തു.വടക്കഞ്ചേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി ഗംഗാധരൻ അധ്യക്ഷനായി. കൃഷി അസിസ്റ്റന്റ് ഡയറക്ടർ റാണി പ്രകാശ്, ബ്ലോക്ക് പഞ്ചായത്തംഗം സി പ്രഭാകരൻ, ക്യഷി ഓഫീസർ എം വി രശ്മി, പി കെ മാധവൻ, സി വി വിജയൻ എന്നിവർ സംസാരിച്ചു.