ആനക്കര: ശക്തമായ മഴയിലും കാറ്റിലും ജില്ലയിലെ പടിഞ്ഞാറൻ മേഖലയിൽ വ്യാപക നാശനഷ്ടം. മരങ്ങൾവീണ് പലയിടത്തും വൈദ്യുതി വിതരണം തകരാറിലായി. രാത്രി വൈകിയും ചിലയിടങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.
കുമരനല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ സയൻസ് ലാബും മറ്റ് ഓഫീസുകളും പ്രവർത്തിക്കുന്ന രണ്ടുനില കെട്ടിടത്തിന്റെ അലുമിനിയം ഷീറ്റുമേഞ്ഞ മേൽക്കൂരയാണ് ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ശക്തമായ കാറ്റിൽ തകർന്നത്. സ്‌കൂൾ സയമല്ലാത്തതിനാൽ അപകടം ഒഴിവായി. അപകടാവസ്ഥ ചൂണ്ടികാട്ടി ജില്ലാ പഞ്ചായത്തിന് റിപ്പോർട്ട് നൽകിയതായി ഹെഡ്മിസ്ട്രസ് ബി.എ.ജയശ്രീ പറഞ്ഞു.
തിങ്കളാഴ്ച മേഖലയിലെ ചിലയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. ഇന്നലെ രാവിലെ മുതലാണ് മഴ ശക്തിപ്രാപിച്ചത്. മഴയോടൊപ്പം വീശിയടിക്കുന്ന കാറ്റാണ് പ്രദേശത്ത് നാശം വിതയ്ക്കുന്നത്.
പ്രളയത്തിന് ഒരാണ്ട് തികയുന്ന സമയത്തുള്ള മഴയെ ആശങ്കയോടെയാണ് കർഷകർ ഉൾപ്പെടെയുള്ളവർ കാണുന്നത്. കഴിഞ്ഞ വർഷവും മഴ ചെറിയ തോതിലാരംഭിച്ച് പിന്നീട് ശക്തമാകുകയായിരുന്നു.