കൊല്ലങ്കോട്: മുതലമട പഞ്ചായത്തിലെ പറയമ്പള്ളം പാടശേഖരത്തിൽ കൃഷി ഓഫീസറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ അഞ്ച് ഏക്കറോളം നെൽകൃഷിയിൽ വ്യാപകമായ മണ്ഡരി ബാധയും ചിലയിടങ്ങളിൽ മീലിമൂട്ട ആക്രമണവും കണ്ടെത്തി. മുതലമട കൃഷി ഓഫീസർ എസ്.എസ്.സുജിത്, ലീഗിത, രഞ്ജിനി എന്നിവർ പറയംപള്ളം പഴനിമല, കൃഷ്ണൻ എന്നിവരുടെ കൃഷിയിടങ്ങളിൽ നടത്തിയ നിരീക്ഷണത്തിലാണ് കീടബാധ സ്ഥിരീകരിച്ചത്.
വരണ്ട കാലാവസ്ഥയെ തുടർന്ന് അടുത്തിടെ പ്രദേശത്തുണ്ടായ ഇടവിട്ടുള്ള മഴയും മൂടിക്കെട്ടിയ കാലാവസ്ഥയുമാണ് കീടബാധ പെരുകാൻ കാരണമെന്ന് കൃഷി ഓഫീസർ പറഞ്ഞു. ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് ജില്ലയിൽ മുമ്പും വ്യാപകമായ മണ്ഡരിബാധ കണ്ടെത്തിയത്. മൺ തരികളെക്കാളും ചെറിയ പച്ചകലർന്ന വെള്ള മണ്ഡരികൾ ഇലയുടെ അടിഭാഗത്ത് മുട്ടയിട്ടുവിരിയുകയും വിരിഞ്ഞിറങ്ങി നീരൂറ്റി കുടിക്കുകയും ചെയ്യുന്നു. ക്രമേണ ഇലകൾ മഞ്ഞളിച്ച് പോകുന്നു. പോഷകകുറവെന്ന തെറ്റിധാരണ വഴിയുള്ള അമിത വളപ്രയോഗം മണ്ഡരിയുടെ വംശവർദ്ധനവിനും കാരണമാകും.
മണ്ഡരി ബാധയുടെ ആദ്യഘട്ടത്തിൽ രണ്ട് ശതമാനം വേപ്പെണ്ണ ലായനി തളിച്ച് നിയന്ത്രിക്കാവുന്നതാണ്. അല്ലെങ്കിൽ വെറ്റബിൾ സൾഫർ മൂന്ന് ഗ്രാം ഒരു ലിറ്ററിൽ എന്ന തോതിൽ തളിക്കുക. കീടബാധ വ്യാപകമായി കാണപ്പെട്ടാൽ സ്‌പൈറോമെസിഫിൻ 240 എസ്.സി എട്ട് മില്ലി പത്ത് ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചും തളിക്കാവുന്നതാണ്. ഒബറോൺ 240 എസ്.സി എന്ന പേരിൽ ഇത് വിപണിയിൽ ലഭ്യമാണ്. മീലിമൂട്ട ആക്രമണത്തിലൂടെ ഉണ്ടാകുന്ന മഞ്ഞളിപ്പാണെന്നു കാണുന്നതെങ്കിൽ കീടനാശിനിയായ അസ്‌ഫേറ്റ് രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിലോ അല്ലെങ്കിൽ യോമിതോക്‌സം രണ്ട് ഗ്രാം പത്ത് ലിറ്റർ എന്ന തോതിലോ നേർപ്പിച്ച് തളിച്ച് കൊടുക്കാം.