road
വെള്ളിനേഴി ഭാഗത്ത് തകർന്നുനു കിടക്കുന്ന അപ്രോച്ച് റോഡ്

ചെർപ്പുളശ്ശേരി: തൂതപ്പുഴയ്ക്ക് കുറുകെ പാലക്കാട് - മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് മണ്ണാത്തി കടവിൽ പാലം പൂർത്തിയായിട്ട് നാലുവർഷമായെങ്കിലും വെള്ളിനേഴിയിലേക്കുള്ള അപ്രോച്ച് റോഡില്ലാത്തതിനാൽ ഇന്നും പ്രദേശവാസികൾ യാത്രാദുരിതമനുഭവിക്കുന്നതായി ജനകീയ സമിതി. ഇതിൽ പ്രതിഷേധിച്ച് ഇന്ന് വൈകീട്ട് നാലിന് പാലത്തിൽ നിന്ന് വെള്ളിനേഴിയിലേക്ക് മാർച്ച് നടത്തുമെന്നും മാർച്ച് മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യുമെന്നും ജനകീയ സമിതി അംഗങ്ങളായ ആലും കുണ്ടിൽ രാധാകൃഷ്ണൻ, ടി.കെ.ഹംസ എന്നിവർ അറിയിച്ചു.

ചെർപ്പുളശ്ശേരി നഗരസഭ, വെള്ളിനേഴി പഞ്ചായത്ത് പ്രദേശത്ത് നിന്ന് ആലിപറമ്പ് കാമ്പ്രം ഭാഗവുമായി യോജിപിക്കുന്ന മണ്ണാത്തിക്കടവ് പാലം മഞ്ഞളാംകുഴി അലി എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 10 കോടി ചെലവഴിച്ചാണ് നിർമ്മിച്ചത്. 2015 ഡിസംബറിൽ തുടങ്ങിയ പണി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി. ആലിപ്പറമ്പ് ഭാഗത്ത് നിന്നുള്ള അപ്രോച്ച് റോഡും പൂർത്തിയായി. എന്നാൽ, വെള്ളിനേഴി പഞ്ചായത്തിന്റെ ഭാഗത്തുള്ള 340 മീറ്റർ റോഡാണ് നാല് വർഷമായിട്ടും പൂർത്തിയാക്കാത്തത്. ഇതോടെ പാലത്തിന്റെ ഗുണം ലഭിക്കാത്ത അവസ്ഥയിലാണ്.
മെഡിസിറ്റിയായ പെരിന്തൽമണ്ണയിലേക്ക് ചികിൽസക്കായി ജനങ്ങൾക്ക് പോവാനും കാർഷിക ഉത്പന്നങ്ങൾ തൃശ്ശൂർ, പാലക്കാട് മാർക്കറ്റുകളിലേക്ക് കൊണ്ടുപോകുന്നതിനും അപ്രോച്ച് റോഡ് ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് ജനകീയ സമിതിയുടെ ആവശ്യം.