പാലക്കാട്: മഴക്കെടുതിയിൽ ജില്ലയിൽ ഒരു മരണം. അട്ടപ്പാടി ഷോളയൂർ പഞ്ചായത്ത് ചുണ്ടകുളം ഊരിൽ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് കാളിയുടെ മകൻ കാര (50) മരിച്ചു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഭാര്യ മാരി സാരമായ പരുക്കുകളോടെ രക്ഷപ്പെട്ടു. മക്കൾ: രങ്കൻ, കാഞ്ചന, കവിത, ശിവലക്ഷ്മി.
മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയിൽ അട്ടപ്പാടി തീർത്തും ഒറ്റപ്പെട്ടു. കുറുമ്പ മേഖലയിലെ ഗലസി, മേലെ തുടുക്കി, തുടുക്കി, കിണറ്റുകര, മുരുഗള ഊരുകളിൽ വൈദ്യുതി- ഗതാഗത- ഫോൺ സംവിധാനമില്ലാത്ത നിലയിലാണ്.
സൈലന്റ് വാലിയിലും മംഗലം ഡാം പ്രദേശത്തും ഇന്നലെ ഉച്ചയോടെ ഉരുൾപൊട്ടലുണ്ടായി. ആളപായമില്ല. മണ്ണാർക്കാട് താലൂക്കിൽ രണ്ടും പാലക്കാട് ഒന്നും ദുരിതാശ്വാസ ക്യാമ്പ് തുറന്നു. കാഞ്ഞിരപ്പുഴ, മംഗലം ഡാമുകൾ തുറന്നതിനാൽ തൂത, ഗായത്രി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ഒറ്റപ്പാലം, ഷൊർണൂർ, ലക്കിടി, പട്ടാമ്പി മേഖലകളിൽ വ്യാപക കൃഷിനാശം സംഭവിച്ചു.