attappadi
എട്ടുമാസം ഗർഭിണിയായ ലാവണ്യയെ റോപ്പ് മാർഗം ഭവാനിപ്പുഴയുടെ മറുകരയ്ക്ക് എത്തിക്കുന്നു

പാലക്കാട്: എട്ടുമാസം ഗർഭിണിയായ ലാവണ്യ ഭവാനിപ്പുഴയുടെ കുത്തൊഴുക്കിനു മീതെ രണ്ടുകയറുകളുടെയും ലൈഫ് ജാക്കറ്റിന്റെയും ഉറപ്പിൽ മറുകരപറ്റുന്ന ദൃശ്യം ചങ്കിടിപ്പോടെയാണ് കേരളം കണ്ടത്. ഇതായിരുന്നു ഇന്നലെ ദുരന്തമുഖത്തെ പ്രതീക്ഷയുടെ കാഴ്ച. അഗ്നിശമന സേനയുടെയും പൊലീസിന്റെയും ഊരു നിവാസികളുടെയും നിശ്ചയദാർഢ്യത്തിന് കേരളത്തിന്റെ കൈയടി നൽകി.

ഇന്നലെ പകൽ 12 മണിയോടെയാണ് അട്ടപ്പാടി പട്ടിമാളം ഊരിലെ കോനാർ തുരുത്തിൽ നിന്ന് ആറുപേരെ കയറിലൂടെ ഭവാനിപ്പുഴയുടെ മറുകരയെത്തിച്ചത്. ആദ്യം അറുപതുകാരിയായ പഴനിയമ്മയെ കരയ്ക്കെത്തിച്ചു. തുടർന്ന് അവരുടെ ഭർത്താവ് ശെൽവരാജ്. ശേഷം മകൻ മുരുകേശനെയും ഒന്നര വയസുള്ള കുഞ്ഞിനെയും രക്ഷിച്ചു. കുഞ്ഞിനെ മുരുകേശന്റെ നെഞ്ചോട് ചേർത്തുവച്ച് തോർത്തുകൊണ്ട് കെട്ടിയാണ് രക്ഷപ്പെടുത്തിയത്.

തുടർന്നാണ് ശ്വാസം അടക്കിപ്പിടിച്ചിരുന്ന കാഴ്ച. എട്ടുമാസം ഗർഭിണിയായ ലാവണ്യയെ രക്ഷിക്കാനുള്ള ദൗത്യം പന്ത്രണ്ടരയോടെയാണ് ആരംഭിച്ചത്. ലാവണ്യയുടെ ശാരീരിക - മാനസിക ആരോഗ്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ മുൻകരുതലുകളും സ്വീകരിച്ചാണ് അഗ്നിശമനസേന രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്. അക്കരയുള്ള മോളെയും കുടുംബത്തെയും മാത്രം നോക്കി കയറിലൂടെ യുവതി നദി താണ്ടുകയായിരുന്നു. അവസാനമായി ജോലിക്കാരൻ പൊന്നനും സുരക്ഷിതനായി എത്തിയപ്പോൾ നാട്ടുകാർ കൈയടിച്ചാണ് വരവേറ്റത്.

' നാൻ നല്ലായിറുക്ക്, കടവുൾക്ക് നൻട്രി സൊൽറേൻ ' ഇതായിരുന്നു ലാവണ്യയുടെ പ്രതികരണം. ഇവരെ ഉടനെ ഡോ. പ്രഭുദാസിന്റെ നേതൃത്വത്തിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഭവാനിപ്പുഴയുടെ കുത്തൊഴുക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉപേക്ഷിച്ച രക്ഷാദൗത്യമാണ് ഇന്നലെ വിജയകരമായി പൂർത്തിയാക്കിയത്. പ്രദേശത്തെ പലരെയും മാറ്റിപാർപ്പിച്ചെങ്കിലും ചിലർ മാറാൻ തയ്യാറായിരുന്നില്ല. അവരെയും ഇന്നലെ ക്യാമ്പിലേക്ക് മാറ്റി.