ചെർപ്പുളശ്ശേരി: കനത്ത മഴയിൽ കാക്കാത്തോട് കരകവിഞ്ഞതിനെ തുടർന്ന് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളംകയറി കനത്ത നാശനഷ്ടം. തോടിന് സമീപത്തെ 15 ഓളം വീടുകൾ വെള്ളത്തിലായി. ഇതിൽ രണ്ടു വീടുകൾ പൂർണമായും മുങ്ങിയിരുന്നു.
ആളുകളെയെല്ലാം നേരത്തെ തന്നെ മാറ്റി പാർപ്പിച്ചതിനാൽ വലിയ ദുരന്തം ഒഴിവായി. വീടുകളെക്കാൾ കൂടുതൽ നാശനഷ്ടമുണ്ടായത് സമീപത്തെ വ്യാപാര സ്ഥാപനങ്ങൾക്കാണ്. കാക്കാത്തോട് പാലത്തിന് സമീപം പ്രവർത്തിച്ചിരുന്ന സാനിറ്ററി, ടൈൽസ് ഉത്പനങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന് ഒന്നരക്കോടയോളം രൂപയുടെ നഷ്ടമുണ്ടായെന്ന് ഉടമ പറയുന്നു. സമീപത്തെ ഫർണിച്ചർ കടയിലെ സാധനങ്ങളും വെള്ളം കയറി നശിച്ചു. ഇവിടെയും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. വെള്ളം കയറിയ വീടുകൾ സന്നദ്ധ പ്രവർത്തകരും നാട്ടുകാരും ചേർന്ന് ശുചീകരിച്ചു.
ചെർപ്പുളശ്ശേരി - മണ്ണാർക്കാട് പാതയിലെ കാക്കാത്തോട് പാലത്തിന്റെ പാർശ്വഭിത്തികൾ തകർന്നിട്ടുണ്ട്. കഴിഞ്ഞദിവസം പി.കെ.ശശി എം.എൽ.എ സ്ഥലം സന്ദർശിച്ചു. പ്രശ്‌നം പൊതുമരാമത്ത് അസി.എൻജിനീയറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നതിനും റോഡ് പുനർനിർമ്മാണത്തിനും ഉടൻ എസ്റ്റിമേറ്റ് തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
ഫോട്ടോ: കാക്കാത്തോട് പാലത്തിന് സമീപം മണ്ണ് കുത്തിയൊലിച്ചുപോയ നിലയിൽ