ഒറ്റപ്പാലം: ജില്ലയിലെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ കുന്നിടിക്കലും ഖനനവുമടക്കമുള്ള പ്രവർത്തനങ്ങൾക്ക് അനുമതി നൽകുന്നത് നിർത്തിവെക്കാൻ ജിയോളജി വകുപ്പിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി എ.കെ.ബാലൻ പറഞ്ഞു. പട്ടാമ്പി, ഷൊർണൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലെ പ്രളയബാധിത ക്യാമ്പുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. അട്ടപ്പാടിയടക്കം പലയിടത്തും മലയിടിഞ്ഞും മണ്ണിടിഞ്ഞും വലിയ അപായങ്ങൾ ഒഴിവായത് തലനാരിഴയ്ക്കാണ്. ജില്ലയിൽ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വേഗത നൽകും. സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ട് പ്രകാരം ദുരിതബാധിതർക്ക് എത്രയും വേഗത്തിൽ സഹായമെത്തിക്കും. വീട് നഷ്ടമായവർക്ക് ഭവന സഹായത്തിന് മുന്തിയ പരിഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.