പാലക്കാട്: ശക്തമായ മഴയെ തുടർന്ന് തടസപ്പെട്ട ഷൊർണൂർ - കോഴിക്കോട് പാതയിൽ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. ഇന്നലെ 1.30 ഓടുകൂടിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മംഗളൂരു - ഏറനാട് എക്‌സ്പ്രസ് പാസഞ്ചർ സ്‌പെഷ്യൽ ട്രെയിനായി കടത്തിവിട്ടു. വൈകീട്ട് 4.15ന് നാഗർ കോവിൽ - മംഗളൂരു എറനാട് ട്രെയിനും കടത്തിവിട്ടു. നിലവിൽ പാതയിൽ തടസങ്ങൾ ഇല്ലെങ്കിലും ചില സ്ഥലങ്ങളിൽ വേഗം നിയന്ത്രിക്കുമെന്നും റെയിൽവേ അധികൃതർ അറിയിച്ചു. പാലക്കാട്‌ - ഷൊർണൂർ റൂട്ടിലെ ഗതാഗതം ഞായറാഴ്ച പുനഃസ്ഥാപിച്ചിരുന്നു. ഇന്നലെ പാലക്കാട് ഡിവിഷനിൽ മാത്രം ഇരുപതോളം ട്രെയിനുകളാണ് പൂർണമായി റദ്ദാക്കിയത്. ചിലത് ഭാഗികമായി റദ്ദാക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തു.