മണ്ണാർക്കാട്: കല്ലടിക്കോടൻ മലയോര മേഖലയിലെ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം. കരിമ്പ പ്ലന്റേഷൻ, കല്ലൻകുന്ന്, ചുള്ളിയാംകുളം, കരിമല പ്രദേശത്തെയാണ് ഉരുൾപൊട്ടൽ കൂടുതൽ ബാധിച്ചത്.
കല്ലൻകുന്ന് എസ്.ടി.കോളനിയിൽ രണ്ടുവീടുകൾ പൂർണമായും, നാല് വീടുകൾ ഭാഗികമായും തകർന്നു. രാത്രി ഉറങ്ങി കിടന്നവർ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലുണ്ടായ കാറ്റിലും മഴയിലും മണ്ണിടിഞ്ഞും മരങ്ങൾ പൊട്ടിവീണും ഏക്കർ കണക്കിന് കൃഷിയിടങ്ങളാണ് നശിച്ചത്. ദേവസ്വം മല ഡോ.സുരേഷ്, അരികണ്ടത്ത് നാരായണൻ, മുണ്ടനാട് സുരാജ്, സുനിൽ തോമസ്, ജോജോ മാത്യു മുണ്ടമറ്റം, കടപ്പിലാക്കൽ വർക്കി, ഡെന്നീസ് കുര്യൻ, അലവിക്കുട്ടി, ഷിബിലി, ജോസ് കുറ്റാരവളപ്പിൽ, മനക്കൽ കിരൺ തുടങ്ങിയവരുടെ ഏക്കർ കണക്കിന് കൃഷിഭൂമി ഉരുൾപൊട്ടലിൽ ഇല്ലാതായിട്ടുണ്ട്. ഉദ്യോഗസ്ഥർക്കും ജന പ്രതിനിധികൾക്കും എത്തിപ്പെടാൻ പ്രയാസമുള്ള മേഖലയായതിനാൽ നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് ഇതുവരെ ലഭ്യമല്ല. ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും ആനക്കല്ല് - പാലക്കയം നെരവ് പാത പൂർണമായും തകർന്നിരിക്കുകയാണ്. റോഡിൽ കൂറ്റൻപാറയും ചെളിയും അടിഞ്ഞിരിക്കുന്നതിനാൽ ഗതഗാത തടസം രൂക്ഷമാണ്. ഇതുകൂടാതെ പ്രദേശത്തെ കുടിവെള്ള പദ്ധതികളും വൈദ്യുതി ബന്ധവുംതകരാറിലാണ്.
മഴക്കെടുതി നേരിട്ട പ്രദേശങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.ജയശ്രീ, വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യുസ് എന്നിവരുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.