പാലക്കാട്: കഴിഞ്ഞ നാലുദിവസമായി പെയ്ത പേമാരിയിൽ ജില്ലയിലെ ക്ഷീരമേഖലയ്ക്ക് 140.38868 ലക്ഷം രൂപയുടെ നഷ്ടം. 1623 ക്ഷീര കർഷകരെ കാലവർഷം ബാധിച്ചു. ഇതുവരെ 28 പശുക്കൾ, 5 കിടാരികൾ, 18 കന്നുക്കുട്ടികൾ എന്നിങ്ങനെ 51 ഉരുക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. കന്നുകാലിത്തൊഴുത്തുകൾ 128 എണ്ണം പൂർണമായും, 239 എണ്ണം ഭാഗികമായും നശിച്ചു.
ജില്ലയിലെ ക്ഷീര സംഘങ്ങളുടെ പാൽ സംഭരണത്തിൽ 36253 ലിറ്റർ നഷ്ടം വന്നിട്ടുണ്ട്. കന്നുകാലിത്തീറ്റയിൽ 34.99143 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. ക്ഷീര സംഘങ്ങളുടെ കെട്ടിടം, ഉപകരണങ്ങൾ എന്നിവക്കുണ്ടായ നാശനഷ്ടം 14.7 ലക്ഷം രൂപ.
ജില്ലയിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനുമായി ക്ഷീര സഹകരണ സംഘം പ്രസിഡണ്ട്, സെക്രട്ടറി, ക്ഷീര വികസനവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, മിൽമ എന്നിവയിലെ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ച് ക്ഷീര വികസന വകുപ്പ് പാലക്കാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായി ഒരു കമ്മിറ്റി സംഘടിപ്പിച്ചിട്ടുണ്ട്. പ്രളയബാധിതരായ 219 ക്ഷീര കർഷകരുടെ ഭവനങ്ങൾ ക്ഷീര വികസന വകുപ്പിലെ ഉദ്യോഗസ്ഥർ സന്ദർശിക്കുകയും, ബാധിക്കപ്പെട്ട കർഷകർക്ക് ആവശ്യമായ സഹായ സഹകരണങ്ങൾ ഉറപ്പുവരുത്തുകയും ചെയ്തു.
ദുരിത ബാധിത മേഖലയിൽ നിന്നും കന്നുകാലികളെ മാറ്റിപ്പാർപ്പിക്കുന്നതിനായി 5 ക്യാമ്പുകൾ സംഘടിപ്പിക്കുകയും, 111 ഉരുക്കളെ മാറ്റുകയും ചെയ്തിട്ടുണ്ട്. പ്രളയബാധിതരായ കർഷകരുടെ കന്നുകാലികൾക്ക് 14700 കി.ഗ്രാം കാലിത്തീറ്റ, 12650 കി.ഗ്രാം പച്ചപ്പുല്ല്, 14700 കി.ഗ്രാം വൈക്കോൽ, ടി.എം.ആർ എന്നിവ വിതരണം ചെയ്തു. കൂടാതെ പശുക്കളെ മാറ്റി പാർപ്പിക്കുന്നതിനും, പാൽ ക്ഷീര സംഘങ്ങളിൽ നിന്നും ഡെയറിയിൽ എത്തിക്കുന്നതിനും, കന്നുകാലികൾക്ക് തീറ്റ നൽകുന്നതിനുമായി ആകെ 3237000 രൂപ ധനസഹായം നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ട്.