പാലക്കാട്: തുടർച്ചയായി പെയ്ത മഴയിൽ ജില്ലയിലെ കാർഷിക മേഖലയ്ക്ക് കനത്ത നാശനഷ്ടം. കൃഷിവകുപ്പിന്റെ പ്രാഥമിക കണക്കനുസരിച്ച് ജില്ലയിലാകെ 7900 ഹെക്ടർ കൃഷിനശിച്ചു. 37 കോടിയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. മണ്ണാർക്കാട്, ചിറ്റൂർ, എലവഞ്ചേരി, നെന്മാറ മേഖലകളിലെ കൃത്യമായ കണക്കുകൾ വരുമ്പോൾ നഷ്ടത്തിന്റെ തോത് ഇനിയും ഉയരാൻ സദ്ധ്യതയുണ്ടെന്ന് കൃഷിവകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ സുരേഷ് ബാബു പറഞ്ഞു. വിവിധ ഭാഗങ്ങളിലായി ആകെ 8500 കർഷകരുടെ വിളകൾ നശിച്ചിട്ടുണ്ട്.

കൃഷിയിടങ്ങളിൽ നിന്ന് വെള്ളമിറങ്ങി തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ നല്ല വെയിൽ ലഭിക്കുകയാണെങ്കിൽ ഇവയിൽ ചെറിയൊരു ശതമാനം മാത്രമേ നശിക്കാൻ ഇടയുള്ളൂ എന്നും അധികൃതർ പറയുന്നു. ആലത്തൂർ, കൊല്ലങ്കോട്, കുഴമന്ദം, ചിറ്റൂർ മേഖലകളിലാണ് നെൽകൃഷിയിൽ അധികം നാശംസംഭവിച്ചത്. വാഴ, തെങ്ങ് എന്നിവയിൽ കൂടുതൽ നാശംസംഭവിച്ചത് മണ്ണാർക്കാട്, ശ്രീകൃഷ്ണപുരം, അഗളി, ഷൊർണൂർ മേഖലകളിലാണ്.


ജില്ലയിൽ മഴക്കെടുതിയിൽ നശിച്ച കൃഷികൾ

 നെല്ല്- 7300 ഹെക്ടർ
 പച്ചക്കറികൾ - 400 ഹെക്ടർ
 വാഴ (കുലച്ച്)- 6 ലക്ഷം
 കുലയ്ക്കാത്തത്- 1.50 ലക്ഷം
 തെങ്ങ്- 6000 എണ്ണം
 അടക്ക (കായ്ച്ചത്)- 32000 എണ്ണം

 കായ്ക്കാത്തത്- 4125 എണ്ണം
 ഇഞ്ചി- 20 ഹെക്ടർ
 കുരുമുളക്- 25000 എണ്ണം

 ജാതിക്ക (കായ്ച്ചത്)- 580 എണ്ണം