അഗളി: അട്ടപ്പാടിയിൽ ഭവാനി പുഴയ്ക്ക് അക്കരെ പുതൂർ പഞ്ചായത്തിൽ ഉൾപ്പെടുന്ന തുടുക്കി, ഗലസി, മേലെ തുടുക്കി ഊരുകൾ മഴമാറിയിട്ടും ഇപ്പോഴും ഒറ്റപ്പെട്ടുതന്നെ. സമീപകാലത്ത് നിർമ്മിച്ച തൂക്കുപാലം പേമാരിയിൽ തകർന്നതാണ് പ്രതിസന്ധിയിലായിരിക്കുന്നത്.
സൈലന്റ് വാലി ബഫർ മേഖലയിലും, നീലഗിരി ജൈവ വൈവിധ്യ മേഖലകളിലുമായി 19 കുറുംബ ഊരുകളാണ് ഇവിടെയുള്ളത്. ഇതിൽ 11 ഊരുകൾ ഭവാനി പുഴയ്ക്ക് ഇരുകരകളിലായാണ് കഴിയുന്നത്. മുക്കാലിയിൽ നിന്നും ജീപ്പിൽ ആനവായ് ഊരുവരെ പോകാം. ശേഷം കാൽനടയായിവേണം ഗലസി, മേലെ-താഴെ തുടുക്കി, കടുകുമണ്ണ എന്നിവിടങ്ങളിലേക്ക് എത്താൻ. പതിറ്റാണ്ടുകളായി ഗലസി, മേലെ തുടുക്കി ഊരുകാരുടെ പരാതിയെ തുടർന്നാണ് ഐ.ടി.ഡി.പി എട്ടുലക്ഷം രൂപ ചെലവഴിച്ച് 90 മീറ്റർ നീളമുള്ള തൂക്കുപാലം നിർമ്മിച്ചത്. അട്ടപ്പാടി ഫാമിംഗ് സൊസൈറ്റിക്കായിരുന്നു നിർമ്മാണ ചുമതല. പാറയിൽ കോൺക്രീറ്റ് തൂണുകൾ നിർമ്മിച്ച് റോപ്പുകെട്ടി മുളകൾ പാകിയാണ് പാലം നിർമ്മിച്ചത്. എന്നാൽ, മഴ കനത്തതോടുകൂടി മുളകൾ ഒലിച്ചുപ്പോയി. ഇതോടെ ഊരുകാർ മറുകരയിൽ തന്നെ കഴിയേണ്ട അവസ്ഥയിലാണ്. 2006ൽ കടുകുമണ്ണ ഊരിലേക്കുള്ള തൂക്കുപാലം പഴകി ദ്രവിച്ചതിനെ തുടർന്ന് അഹാഡ്‌സ് പദ്ധതിയിൽ 13 ലക്ഷം ചെലവഴിച്ച് നവീകരിച്ചത് ഇപ്പോഴും തകരാതെ കിടക്കുന്നുണ്ട്.
താഴെ തുടുക്കി ഊരുകാർക്ക് ഭവാനി പുഴയ്ക്ക് അരികിലൂടെ ഒറ്റയടിപാത മാത്രമാണ് ഏക ആശ്രയം. വനംവകുപ്പിന്റെ കടുംപിടുത്തമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഊരുകാർ പറഞ്ഞു. എന്നാൽ, മഴ കുറയുന്നതോടുകൂടി പാലത്തിന്റെ അറ്റകുറ്റിപണി നടത്തുമെന്നാണ് ഐ.ടി.ഡി.പി അധികൃതരുടെ മറുപടി.