ആലത്തൂർ: കനത്തമഴയെ തുടർന്ന് ആലത്തൂർ വാഴക്കോട് സംസ്ഥാന പാതയിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കംചെയ്ത് ക്ലബ് പ്രവർത്തകർ മാതൃകയായി. കാവശ്ശേരി പരയ്ക്കാട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം വനത്തിൽ നിന്നും ഒഴുകിയെത്തി റോഡിനു മുന്നിൽ അടിഞ്ഞുകൂടിയ ചെളിയും മണ്ണുമാണ് ചുണ്ടക്കാട് പ്രിയദർശിനി ആർട്‌സ് ആന്റ് സ്‌പോർട്‌സ് ക്ലബ് പ്രവർത്തകർ നീക്കം ചെയ്തത്. മണ്ണ് റോഡിൽ അടിഞ്ഞതുമൂലം നിരവധി ഇരുചക്രവാഹനങ്ങളാണ് അപകടത്തിൽ പെട്ടത്. അപകടം ഒഴിവാക്കുന്നതിനാവശ്യമായ നടപടിയുടെ ഭാഗമായാണ് ക്ലബ് പ്രവർത്തകർ അടിയന്തരമായി മണ്ണും ചളിയും നീക്കം ചെയ്തത്. കനത്ത മഴയെയും വകവെയ്ക്കാതെ രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് ചെളി നീക്കംചെയ്തത്. ക്ലബ്ബ് പ്രസിഡന്റ് കെ.എൻ.നൗഷാദ്, സെക്രട്ടറി സുനുചന്ദ്രൻ, വൈസ് പ്രസിഡന്റ് എസ്.ഷെരീഫ്, കെ.എൻ.കമറുദ്ദീൻ, എ.അൻസർ, എ.ഹംസ, വി.സുനിൽകുമാർ, കെ.മധു, എ.സുധീർ, ഐ.മുഹമ്മദ് ഫാസിൽ, അജ്മൽ എന്നിവർ നേതൃത്വം നൽകി.

ഫോട്ടോ ക്യാപ്ഷൻ: ആലത്തൂർ വാഴക്കോട് സംസ്ഥാന പാതയിൽ അടിഞ്ഞുകൂടിയ മണ്ണും ചളിയും നീക്കംചെയ്യുന്ന ചുണ്ടക്കാട് പ്രിയദർശിനി ക്ലബ് പ്രവർത്തകർ