waste
പാലക്കാട് വലിയങ്ങാടി പച്ചക്കറി മാർക്കറ്റ് റോഡിൽ കടകൾക്ക് മുന്നിൽ കുമിഞ്ഞുകൂടിയ മാലിന്യം.

പാലക്കാട്: മഴയുടെ ശക്തികുറഞ്ഞതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ കയറിയ വെള്ളം ഇറങ്ങിയെങ്കിലും പ്രശ്‌നം തീരുന്നില്ല. പ്രളയം മൂലം അടിഞ്ഞുകൂടിയ മാലിന്യം കെട്ടിക്കിടന്ന് ചീഞ്ഞുനാറുന്നത് പകർച്ചവ്യാധി പടർന്നു പിടിക്കാൻ ഇടയാക്കുന്നു. നാലു ദിവസത്തെ ശക്തമായ മഴയെ തുടർന്ന് മാലിന്യ നീക്കം നിലച്ചതിനെ തുടർന്ന് റോഡോരങ്ങൾ, ബസ് സ്റ്റാന്റ് പരിസരം, ഒഴിഞ്ഞ പറമ്പുകൾ എന്നിവടങ്ങളിലെ സ്ഥിതി കാണേണ്ടതു തന്നെയാണ്.

മഴയ്ക്ക് മുമ്പും ശേഷവുമായി അടിഞ്ഞുകൂടിയ മാലിന്യം അഴുകിയ അവസ്ഥയാണ്. വലിയങ്ങാടി, കൽമണ്ഡപം ബൈപാസ് റോഡ്, കുന്നത്തൂർമേട് ജംഗ്ഷൻ, സ്‌റ്റേഡിയം ബൈപാസ് റോഡ്, സുൽത്താൻപേട്ട പള്ളിറോഡ്, റോബിൻസൺ റോഡ് എന്നിവിടങ്ങളിൽ നിന്നെല്ലാം മാലിന്യം നീക്കം ചെയ്തിട്ട് ഒരാഴ്ച പിന്നിട്ടു. വെള്ളക്കെട്ടിലായ പ്രദേശങ്ങളിലെ കടകളിലെയും വീടുകളിലെയും മാലിന്യങ്ങൾ ജനങ്ങൾ രാത്രിയുടെ മറവിൽ റോഡോരങ്ങളിലും പൊതുയിടങ്ങളിലുമാണ് നിക്ഷേപിക്കുന്നത്. ഇത് കാൽനടയാത്രക്കാർക്ക് ഏറെ ഭീഷണിയാകുന്നു. വലിയങ്ങാടി മാർക്കറ്റിൽ കടകൾക്ക് മുന്നിൽ കൂനപോലെയാണ് മാലിന്യം നീക്കംചെയ്യാതെ കിടക്കുന്നത്. ഓണം അടുത്തതോടെ അടുത്ത ആഴ്ച മുതൽ ഇവിടെ ജനങ്ങളുടെ പ്രവാഹമായിരിക്കും. ഇതിനു മുമ്പെങ്കിലും മാലിന്യം നീക്കംചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.

കൂടാതെ മഴയത്ത് വെള്ളക്കെട്ട് മൂലം നിറഞ്ഞൊഴുകിയ അഴുക്കുചാലുകളുടെ സ്ഥിതിയും ഒട്ടും മോശമല്ല. കടകൾക്ക് മുന്നിലുള്ള ചാലുകളിലേക്ക് മാലിന്യം തള്ളുന്നതുമൂലം പലയിടങ്ങളിലും ഒഴുക്ക് നഷ്ടപ്പെട്ട സ്ഥിയാണ്. ഇതുമൂലം കൊതുകും കൂത്താടികളും പെരുകാൻ സാധ്യതയേറെയാണ്. മാലിന്യനീക്കത്തെ കുറിച്ച് നഗരസഭ അധികൃതരോട് ചോദിക്കുമ്പോൾ പ്രളയാനന്തര പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നു ഉടൻ നീക്കം ചെയ്യുമെന്നുള്ള സ്ഥിരം മറുപടിയാണ് ലഭിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴ കുറഞ്ഞ് ദിവസങ്ങളായിട്ടും ഇനിയും ശരിയായ രീതിയിലുള്ള മാലിന്യനീക്കം ആരംഭിച്ചിട്ടില്ല.