ഷൊർണൂർ: ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലെ സെപ്റ്റിക് ടാങ്ക് നിറഞ്ഞൊഴുകുമ്പോഴും അനക്കമില്ലാതെ അധികൃതർ.
സെപ്റ്റക് ടാങ്കിൽ നിന്ന് ഒഴുകുന്ന വെള്ളം പരിസരത്ത് കെട്ടിക്കിടക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന ആശങ്കയിലാണ് ജീവനക്കാരും പ്രദേശവാസികളും. മാലിന്യത്തിൽ നിന്നുള്ള ദുർഗന്ധം കാരണം താമസിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്ന് പോസ്റ്റൽ ക്വോട്ടേഴ്‌സിലെ കുടുംമ്പങ്ങൾ പറയുന്നു. മലിനജലം ചവിട്ടി വേണം കുട്ടികൾ ഉൾപ്പെടെയുള്ളവർ ക്വോർട്ടേഴ്സുകളിലെത്താൻ. ആർ.എം.എസ് ജീവനക്കാർക്കും ഇതേ അവസ്ഥയാണ്.
മൂന്ന് സെപ്റ്റിക് ടാങ്കുകളിൽ നിന്നും മാലിന്യം പുറത്തേക്ക് ഒഴുകുന്നുണ്ട്. മഴപെയ്താൽ ഇത് സമീപത്തെ വീടുകളിലേക്കും കിണറുകളിലേക്കും ഒഴുകിയെത്താൻ ഇടയുണ്ട് അതിനാൽ അടിയന്തരമായി ബന്ധപ്പെട്ട അധികൃതർ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് ജീവനക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.