dog
കൽമണ്ഡപം ബൈപാസ് റോഡ് കനാലിനു സമീപം അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കൾ.

പാലക്കാട്: നഗരത്തിലെ റോഡുകളിൽ തെരുവുനായ്ക്കളുടെ വിളയാട്ടം കൂടിയതോടെ നട്ടം തിരിയുകയാണ് വാഹന​- കാൽനട യാത്രക്കാർ. നടപ്പാതകളിലൂടെ പോകുന്നവരുടെ പിന്നാലെ കൂട്ടമായെത്തുന്ന നായ്ക്കൾ ഏറെ ഭീഷണി ഉയർത്തുന്നതായി യാത്രക്കാർ പറഞ്ഞു. വാഹനങ്ങൾക്ക് കുറുകെ ചാടുന്നത് അപകടങ്ങൾക്കും കാരണമാകുന്നു.

ഇരുചക്ര വാഹനങ്ങൾക്കാണ് നായശല്യം ഏറെ ഭീഷണിയാകുന്നത്. കൽമണ്ഡപം ബൈപാസ് റോഡ്, ടി.ബി റോഡ്, പട്ടിക്കര ബൈപാസ്, ഒലവക്കോട് എന്നിവിടങ്ങളിൽ ശല്യം രൂക്ഷമാണ്. മാലിന്യം കുന്നുകൂടിയ റോഡുകളുടെ പരിസരങ്ങളിലാണ് ഇവയുടെ വിളയാട്ടം കൂടുതലും. മാലിന്യം തിന്നാൻ കൂട്ടത്തോടെയാണ് ഇവ വരുന്നത്. തിന്നുന്നതോടൊപ്പം മാലിന്യം വലിച്ചിഴച്ച് റോഡിൽ പരത്തുന്നതും പതിവാണ്. തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി നായ്ക്കളെ വന്ധ്യകരിക്കുന്നുണ്ടെങ്കിലും ജില്ലയിൽ നായ്ക്കളുടെ എണ്ണം പെരുകുന്നതിന് ഒട്ടുംകുറവില്ല.

നിരവധി വാഹനാപകടങ്ങളാണ് ദേശീയപാത ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടക്കുന്നത്. കഴിഞ്ഞ ദിവസം വാളയാർ ദേശീയപാതയിൽ ഉണ്ടായ വാഹനപകടത്തിൽ രണ്ട് തമിഴ്‌നാട് സ്വദേശികൾ ദാരുണമായി മരിച്ചതും നായ കുറുകെ ചാടിയത് മൂലമാണ്.

എ.ബി.സി പദ്ധതി

പ്രജനന നിയന്ത്രണം വഴി ഘട്ടംഘട്ടമായി തെരുവുനായ്ക്കളുടെ എണ്ണം കുറയ്ക്കുന്ന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതി നല്ല രീതിയിൽ മുന്നേറുന്നത് പാലക്കാട് ജില്ലയിലാണ്. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവയുടെ തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം നായ്ക്കളെ പിടിച്ച് വന്ധ്യകരിച്ച ശേഷം ആരോഗ്യപ്രശ്നമില്ലെന്ന് ഉറപ്പുവരുത്തി പിടിച്ച സ്ഥലത്തുതന്നെ വിടുകമെന്ന് അധികൃതർ പറഞ്ഞു. പാലക്കാട്, ചിറ്റൂർ, കൊടുവായൂർ, ആലത്തൂർ, ഒറ്റപ്പാലം എന്നിവിടങ്ങളിലാണ് എ.ബി.സി യൂണിറ്റ് പ്രവർത്തിക്കുന്നത്.