ചെർപ്പുളശ്ശേരി: പേമാരിയിൽ തൂതപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് വെള്ളിനേഴി കാട്ടിലയപ്പൻകാവ് കടവത്ത് കോളനിയിലേക്കുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ ഒലിച്ചുപോയി. മഴമാറി ദിവസങ്ങളായിട്ടും പൈപ്പുകൾ സ്ഥാപിക്കാത്തതിനാൽ പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിയിരിക്കുകയാണ്. 250 തോളം കുടുംബങ്ങൾ ഈ പദ്ധതിയെ ആശ്രയിക്കുന്നുണ്ട്.
കനത്ത മഴയിൽ പുഴ കരകവിഞ്ഞ് പമ്പ് ഹൗസിലേക്കും വെള്ളം കയറിയിരുന്നു. നാട്ടുകാർ മോട്ടോർ എടുത്തുമാറ്റിയതിനാൽ വലിയ നഷ്ടം സംഭവിച്ചില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള പദ്ധതി നാട്ടുകാരാണ് ഇതുവരെ പരിപാലിച്ചു പോന്നിരുന്നത്. കെ.എസ്.സലീഖ എം.എൽ.എയായിയിരുന്ന സമയത്ത് 2014-15 വർഷത്തെ പ്രത്യേക വികസന ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി നവീകരിച്ചിരുന്നു. ഈ പൈപ്പുകളാണ് ഇപ്പോൾ ഒലിച്ചുപോയിരിക്കുന്നത്. അടിയന്തരമായി പദ്ധതിയുടെ പൈപ്പുകൾ പുനഃസ്ഥാപിക്കുകയും പഴയ മോട്ടോർ മാറ്റി സ്ഥാപിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.