കൊല്ലങ്കോട്: ഇത്തവണത്തെ ഓണസദ്യയ്ക്ക് വിഭവങ്ങളൊരുക്കാൻ തമിഴ്നാടിനെ ആശ്രയിക്കേണ്ടിവരും. പച്ചക്കറിഗ്രാമം എന്നറിയപ്പെടുന്ന എലവഞ്ചേരി,പനങ്ങാട്ടരിയിലെ പച്ചക്കറി കർഷകരുടെ സ്വപ്നം മുഴുവൻ പേമാരിയിൽ ഒലിച്ചുപോയതാണ് പ്രതിസന്ധിക്ക് കാരണം. ഓണവിപണിയെ ലക്ഷ്യമിട്ട് കൃഷിയിറക്കിയ 200റോളം കർഷകർക്കാണ് മഴ, കാറ്റ്, കീടബാധ എന്നിവമൂലം വിളവെടുപ്പ് തിരിച്ചടിയായിരിക്കുന്നത്.
എലവഞ്ചേരിയിലെ സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ 400 ഏക്കറിലാണ് വിളവിറക്കിയത്. കൂടാതെ സ്വകാര്യവ്യക്തികൾ സ്വന്തമായും പാട്ടത്തിനെടുത്തും കൃഷിയിറക്കിയിട്ടുണ്ട്. കനത്തമഴയിൽ പച്ചക്കറി പന്തൽ നിലംപൊത്തിയത് ഇതുവരെ യുയർത്താൻ കർഷകർക്ക് കഴിഞ്ഞിട്ടില്ല. ഇത് വിളവെടുപ്പിനെ സാരമായി ബാധിക്കുമെന്ന് കർഷകർ പറയുന്നു.
കഴിഞ്ഞവർഷം മെയ് മുതൽ സെപ്തംബർവരെ 2967.5 ടൺ പച്ചക്കറി ഉത്പാദിപ്പിക്കുകയും ഇതിലൂടെ 7.51 കോടി രൂപ കർഷകർക്ക് ലഭിക്കുകയും ചെയ്തു. ഇത്തവണ മഴ കനക്കുന്നതിന് മുമ്പേ പച്ചക്കറി വിപണനത്തിലൂടെ 3.7 കോടിയുടെ വിറ്റുവരവ് ഉണ്ടായെങ്കിലും മുൻവർഷത്തെ വിറ്റുവരവിനൊപ്പം എത്താൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.
ഹൈടെക് രീതിയിലുള്ള കൃഷിയിടങ്ങളിൽ മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടുമൂലം വേര് ചീയലും മഞ്ഞളിപ്പും വ്യാപകമാണ്. ഇതേതുടർന്ന് 300 ഏക്കറിൽ ഉത്പാദനം കുറയുമെന്നാണ് വിലയിരുത്തൽ. പാവൽ, പടവലം, ചുരയ്ക്ക, പയർ, മത്തൻ, ഇളവൻ, പച്ചമുളക് നേന്ത്രക്കായ തുടങ്ങിയവയാണ് സ്വാശ്രയ സമിതി മുഖേന വിപണനം ചെയ്യുന്നത്.