പാലക്കാട്: ഓൺലൈനായുള്ള സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ 2020ന്റെ പ്രവർത്തനങ്ങൾ അടുത്തമാസം ഒന്നുമുതൽ ആരംഭിക്കും, 30 വരെ ഓൺലൈനായി പൊതുജനങ്ങൾക്ക് തെറ്റുകൾ തിരുത്താം. സമ്മതിദായകരുടെ വിവരങ്ങൾ, കുടുംബാംഗങ്ങളുടെ വിവരങ്ങൾ എന്നിവ പരിശോധിച്ച് ഫോട്ടോ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തെറ്റുണ്ടെങ്കിൽ തിരുത്താം.
വിവരങ്ങൾ പരിശോധിക്കാൻ മൊബൈൽ ആപ്പും
വോട്ടർ ഹെൽപ്പ് ലൈൻ 'മൊബൈൽ അപ്ലിക്കേഷനിലൂടെയും, എൻ.വി.എസ്.പി. പോർട്ടൽ / സി.ഇ.ഒയുടെ വെബ് സൈറ്റ്, അക്ഷയ ഉൾപ്പടെയുള്ള പൊതുസേവന കേന്ദ്രങ്ങൾ, ഇ.ആർ.ഒ. / തഹസിൽദാരുടെ ഓഫീസിലുള്ള വോട്ടർ സേവന കേന്ദ്രം, എന്നിവയിലൂടെ വോട്ടർ പട്ടികയിലെ വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്താം. ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് 1950 എന്ന ഫോൺ നമ്പറിൽ വിളിച്ചും വിവരങ്ങൾ അറിയാം.
സമ്മതിദായകർ ചെയ്യേണ്ടത്.
വോട്ടർപട്ടികയിലെ ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് തെറ്റുണ്ടെങ്കിൽ രേഖപ്പെടുത്തുക
വിവരങ്ങളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഡ്രൈവിംഗ് ലൈസൻസ്, ആധാർ കാർഡ്, റേഷൻ കാർഡ്, സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ്, ബാങ്ക് പാസ് ബുക്ക്, കർഷകരുടെ തിരിച്ചറിയൽ കാർഡ്, തിരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ച മറ്റേതെങ്കിലും രേഖ എന്നിവയിൽ ഏതെങ്കിലും ഒന്നിന്റെ പകർപ്പ് ഹാജരാക്കണം.
കുടുംബാംഗങ്ങളുടെ വിവരം സംബന്ധിച്ച കാര്യങ്ങൾ പരിശോധിച്ച് തെറ്റുണ്ടെങ്കിൽ ആവശ്യമായ രേഖയുടെ പകർപ്പ് സഹിതം തിരുത്തുന്നതിനായി അപേക്ഷിക്കണം.
കുടുംബാംഗങ്ങളിൽ മരണപ്പെട്ടുപോയവരോ സ്ഥിരമായി താമസം മാറിപ്പോയതോ ആയ ആളുകളുടെ പേര് വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ വിവരവും കൃത്യമായി രേഖപ്പെടുത്തണം.
18 വയസ് പൂർത്തിയായിട്ടും വോട്ടർപട്ടികയിൽ പേര് ചേർത്തിട്ടില്ലാത്തവരും ഈ വർഷം 18 പൂർത്തിയാകുന്നവരുമായ കുടുംബാംഗങ്ങളുടെ വിവരം അറിയിക്കണം.
പോളിങ്ങ് സ്റ്റേഷൻ മാറ്റേണ്ടതുണ്ടെങ്കിൽ കൂടുതൽ സൗകര്യങ്ങളുള്ളതും പോളിംങ്ങ് സ്റ്റേഷന് അനുയോജ്യമായതുമായ കെട്ടിടങ്ങൾ സംബന്ധിച്ച വിവരങ്ങളൾ നിർദേശിക്കുക.